
യമന്‍ വിഷയത്തില്‍ ചര്‍ച്ച തുടരുന്നു; ഹൂതികള്‍ നിലപാട് പ്രഖ്യാപിച്ചു
|യമന്‍ പ്രശ്ന പരിഹാരത്തിനുള്ള ആദ്യ പടിയായി എല്ലാ കക്ഷികളേയും ചേര്‍ത്തുള്ള താല്‍ക്കാലിക സര്ക്കാര് രൂപീകരിക്കണമെന്ന് ഹൂതികള്‍. എല്ലാ കക്ഷികള്‍ക്കും പ്രവേശിക്കാന്‍ പാകത്തില്‍ ഹുദൈദ സ്വതന്ത്ര മേഖലയായി നിലനിര്‍ത്തണമെന്നും ഹൂതികള്‍ ആവശ്യപ്പെട്ടു. സ്വീഡനില്‍ നടക്കുന്ന സമാധാന യോഗത്തിലാണ് ഹൂതി നിലപാട്.
രണ്ടു ദിവസമായി തുടരുന്ന യമന്‍ പ്രശ്ന പരിഹാര ചര്‍ച്ച ഈ മാസം 13 വരെ തുടരും. രാഷ്ട്രീയ പരിഹാരത്തിനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ കക്ഷികള്‍ക്കും രാഷ്ട്രീയ പ്രാധാന്യം നല്‍കി താല്‍ക്കാലിക സര്ക്കാര് രൂപീകരിക്കണമെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം ഒന്നിച്ചിരുന്ന് വേണ്ട കാര്യം തീരുമാനിക്കാമെന്നാണ് ഹൂതികളുടെ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. ഹൂതി നിയന്ത്രണത്തിലാണ് സന്‍ആ വിമാനത്താവളം. ഇവിടേക്കെത്തുന്ന എല്ലാ വിമാനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏദന്‍ വിമാനത്താവളത്തില്‍ പരിശോധിക്കണമെന്ന് ആവശ്യം ഹൂതികള്‍ തള്ളി.
വിവിധ വിഷയങ്ങളില്‍ പരോഗമിക്കുന്ന ചര്‍ച്ച യു.എന്‍ മധ്യസ്ഥതതയിലാണ്. പ്രശ്ന പരിഹാര പ്രതീക്ഷയിലാണ് നിലവില്‍ യു.എന്‍.