ട്രംപിന്റെ മുന്‍ നിയമോപദേഷ്ടാവിന് 3 വര്‍ഷം ജയില്‍ ശിക്ഷ
|സാമ്പത്തിക കുറ്റങ്ങള്‍ക്കും തെരഞ്ഞെടുപ്പിന് മുന്നോടിയായി തെറ്റായ പ്രസ്താവനകൾ നടത്തിയതിനുമാണ് കോടതി ശിക്ഷ വിധിച്ചത്
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മുന്‍ നിയമോപദേഷ്ടാവ് മൈക്കല്‍ കോഹന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ. സാമ്പത്തിക കുറ്റങ്ങള്‍ക്കും തെരഞ്ഞെടുപ്പിന് മുന്നോടിയായി തെറ്റായ പ്രസ്താവനകൾ നടത്തിയതിനുമാണ് കോടതി ശിക്ഷ വിധിച്ചത്. 2016 തെരഞ്ഞടുപ്പിന് മുന്നോടിയായി നടത്തിയ പ്രസ്താവനകളാണ് കോഹന് തിരിച്ചടിയായത്. സാമ്പത്തിക തട്ടിപ്പുകളും തന്റെ സ്ഥാനത്തെ ഉപയോഗപ്പെടുത്തി കോഹന്‍ നടത്തിയിരുന്നു എന്നും കോടതി കണ്ടെത്തി.
ട്രംപിനെതിരെ ലൈംഗികാരോപണം നടത്തിയ സ്ത്രീകളെ വശത്താക്കാന്‍ കോഹന്‍ പണം നല്‍കിയെന്നും കോടതി കണ്ടെത്തി. പുറമെ 5 ലക്ഷം ഡോളര്‍ പിഴയടക്കാനും 1.4 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചു. ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങളെ ശരിവെക്കുക എന്നത് തന്റെ ജോലിയുടെ ഭാഗമായിരുന്നെന്നും ട്രംപിന്റെ തെറ്റുകളെ മറച്ചുവെക്കുക എന്നത് എന്റെ ജോലിയുടെ കടമയായിരുന്നെന്നും മൈക്കല്‍ കോഹന് കോടതിയില്‍ പറഞ്ഞു.
ട്രംപിനോടുള്ള തന്റെ അന്ധമായ വിശ്വാസമാണ് തെറ്റുകള്‍ക്ക് കരണമെന്നും കോഹന്‍ കോടതിയില്‍ ഏറ്റുപറഞ്ഞു. ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരം ലൈംഗികാരോപണം നടത്തിയ സ്ത്രീകള്‍ക്ക് പണം നല്‍കിയതയും കോഹന്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. അതേസമയം ട്രംപിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃത്രിമം നടത്തി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നിവയുമായി ബന്ധപ്പെട്ടും കോഹനെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്.