< Back
International Old
ശ്രീലങ്കയില്‍ മഹീന്ദ രജപക്സെ പ്രധാനമന്ത്രി പദം രജിവെക്കും; പ്രഖ്യാപനം ഇന്നുണ്ടായേക്കും
International Old

ശ്രീലങ്കയില്‍ മഹീന്ദ രജപക്സെ പ്രധാനമന്ത്രി പദം രജിവെക്കും; പ്രഖ്യാപനം ഇന്നുണ്ടായേക്കും

Web Desk
|
15 Dec 2018 9:02 AM IST

രാജ്യത്തെ അഭിസംബോധന ചെയ്ത് ഔദ്യോഗികമായി ഇന്ന് രാജി പ്രഖ്യാപിക്കുമെന്നും ട്വീറ്റ്  ചെയ്തു

ശ്രീലങ്കയില്‍ മഹീന്ദ രജപക്സെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചു. കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഏഴ് ആഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് അവസാനമാകുന്നത്.

തര്‍ക്കത്തിലിരിക്കുന്ന പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മഹീന്ദ രജപക്സെ ഇന്ന് പടിയിറങ്ങും. മഹീന്ദ രജപക്സെയുടെ അടുത്ത അനുയായി നമള്‍ രജപക്സെയാണ് ഇക്കാര്യം ഇന്നലെ രാത്രി ട്വീറ്റ് ചെയ്തത്, രാജ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കാനാണ് ഈ തീരുമാനമെന്ന് ട്വീറ്റില്‍ പറയുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് ഔദ്യോഗികമായി ഇന്ന് രാജി പ്രഖ്യാപിക്കുമെന്നും ട്വീറ്റിലുണ്ട്. ഒക്ടോബര്‍ 27ന് പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെയെ പുറത്താക്കി, പ്രതിപക്ഷ നേതാവായ രാജപക്സെയെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. റനില്‍ വിക്രമസിംഗെക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ പ്രസിഡന്റ് ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു. ശ്രീലങ്കന്‍ സുപ്രീം കോടതി ഇത് റദ്ദു ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. കോടതിയില്‍ കൂടി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രജപക്സെ രാജിവെക്കുന്നത്.

അടുത്ത വര്‍ഷത്തെ സാമ്പത്തിക ബജറ്റ് പാസാക്കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ ശ്രീലങ്കയില്‍ അനിശ്ചിതത്വത്തിലാണ്. രജപക്സെ രാജിവെച്ചാല്‍ മാത്രമേ മറ്റൊരു പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാവൂ. റനില്‍ വിക്രമസിംഗയെ തന്നെ പ്രസിഡണ്ട് സിരിസേന പ്രധാനമന്ത്രി സ്ഥാനത്ത് നിയമിക്കുമെന്നാണ് സൂചന.

Similar Posts