
ഡിസംബര്‍ 16: പാകിസ്താന്റെ കീഴടങ്ങളും ബംഗ്ലാദേശിന്റെ പിറവിയും
|1947 വിഭജനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന ഇന്ത്യ മൂന്നു ഭൂ പ്രദേശങ്ങളും രണ്ടു പരമാധികാര രാഷ്ട്രങ്ങളും ആയാണ് മാറിയിരുന്നത്.
ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പാകിസ്താന്റെ കീഴടങ്ങലോടെ അവസാനിച്ച ദിവസമാണ് ഡിസംബര്‍ 16. 1971ലായിരുന്നു ബംഗ്ലദേശ് എന്ന രാഷ്ട്രത്തിന്റെ പിറവിക്ക് നിദാനമായ യുദ്ധമുണ്ടായത്.
1971 ഡിസംബർ 3-ന് ഇന്ത്യൻ എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. 13 ദിവസമാണ് യുദ്ധം നീണ്ടു നിന്നത്. ഓപ്പറേഷൻ ചങ്കിസ് ഖാൻ എന്നാണ് യുദ്ധം അറിയപ്പെട്ടത്. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടലുകളുണ്ടായത്.

1947 വിഭജനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന ഇന്ത്യ മൂന്നു ഭൂ പ്രദേശങ്ങളും രണ്ടു പരമാധികാര രാഷ്ട്രങ്ങളും ആയാണ് മാറിയിരുന്നത്. ഇന്ത്യയും കിഴക്കന്‍ പാകിസ്താനും പടിഞ്ഞാറന്‍ പാകിസ്താന്‍ എന്നിങ്ങനെ. രണ്ടു പാകിസ്താനുകള്‍ തമ്മിലും സാംസ്കാരികമോ ഭൂമിശാസ്ത്രപരമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. 75 ദശ ലക്ഷം ആളുകള്‍ കിഴക്കന്‍ പാകിസ്താനില്‍ ഉണ്ടായിരുന്നെങ്കിലും അധികാരം 55 ദശ ലക്ഷം ജനസംഖ്യ വരുന്ന പടിഞ്ഞാറന്‍ പാകിസ്താനില്‍ ആയിരുന്നു. കിഴക്കന്‍ പാകിസ്താനെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ഇവര്‍ കരുതിയിരുന്നു.

ഇതിന് പരിഹാരമായി ബംഗ്ലാദേശ് പ്രത്യേക രാജ്യമാകണമെന്ന ലക്ഷ്യത്തോടെ അവാമി മുസ്‍ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷി മുന്നോട്ടുവന്നു. സ്വയംഭരണത്തിന് വേണ്ടിയുള്ള ആ ജനകീയ മുന്നേറ്റത്തിനു നേതൃത്വം നൽകിയത് ശൈഖ് മുജീബുർ റഹ്‌മാൻ ആയിരുന്നു. പിന്നീട് തങ്ങളുടെ പാർട്ടിയുടെ പേരിൽ തന്നെയുള്ള മുസ്‍ലിം എന്ന വാക്ക് എടുത്ത് കളഞ്ഞ് വെറും അവാമി ലീഗ് എന്നാക്കി. പാർട്ടിയുടെ നയങ്ങളും പരിഷ്കരിച്ചു. പാകിസ്താന്‍ ഇതിനെ നേരിട്ടതോടെ 8 മുതൽ 10 ദശലക്ഷം വരെ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടിയേറി. ഇതാണ് ഇന്ത്യയെയും യുദ്ധത്തില്‍ പങ്കാളിയാകാനിടയാക്കിയത്.
യുദ്ധത്തിന്റെ ഭാഗമായി പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്താൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടു. 1971 ഡിസംബർ 16-ന് കിഴക്കൻ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ പടിഞ്ഞാറന്‍ സൈനികനേതൃത്വം ഒപ്പുവച്ച "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" എന്നറിയപ്പെടുന്ന ഉടമ്പടി ഒപ്പു വച്ചു. ഇതോടെ യുദ്ധത്തിനു വിരാമമായി. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവി കൂടിയായിരുന്നു ആ ഉടമ്പടി.