
ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗെയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്
|കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തേഴിനാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ പുറത്താക്കി മഹീന്ദ രജപക്സയെ പ്രധാനമന്ത്രിയായി നിയമിച്ചത്.
ശ്രീലങ്കയില്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ ശ്രീലങ്കയില്‍ 51 ദിവസമായി നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തേഴിനാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ പുറത്താക്കി മഹീന്ദ രജപക്സയെ പ്രധാനമന്ത്രിയായി നിയമിച്ചത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണയുള്ള വിക്രമസിംഗെ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. റനില്‍ വിക്രമസിംഗെക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ ശ്രീലങ്കയില്‍ കടുത്ത രാഷ്ട്രീയ സംഘര്‍ഷാവസ്ഥ സംജാതമായി.

പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ മഹീന്ദ രജപക്സെ രാജിവെച്ചു. ഇതോടെയാണ് റനില്‍ വിക്രമസിംഗെക്ക് പ്രധാനമന്ത്രിപദത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമായത്. പ്രധാനമന്ത്രിപദത്തിലേക്ക് തിരിച്ചെത്തിയത് വ്യക്തിപരമായ വിജയമല്ലെന്നും ശ്രീലങ്കന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്നും റനില്‍ വിക്രമസിംഗെ പറഞ്ഞു.