< Back
International Old
ഗാറ്റ്‌വിക് വിമാനത്താവളത്തില്‍ ഒരുലക്ഷത്തിലേറെ യാത്രക്കാരെ വലച്ച് ഡ്രോണ്‍
International Old

ഗാറ്റ്‌വിക് വിമാനത്താവളത്തില്‍ ഒരുലക്ഷത്തിലേറെ യാത്രക്കാരെ വലച്ച് ഡ്രോണ്‍

Web Desk
|
21 Dec 2018 8:31 AM IST

പുലര്‍ച്ചെ വിമാനത്താവളം തുറന്നെങ്കിലും വീണ്ടും ഡ്രോണ്‍ കാണപ്പെട്ടതിനെത്തുടര്‍ന്നു വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ആരോ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന് അധികൃതര്‍

ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. റണ്‍വേക്കു സമീപം രണ്ട് ഡ്രോണുകള്‍ പറന്നതാണ് കാരണം. ഒരു ലക്ഷത്തിലധികം യാത്രക്കാരെയാണ് ഇത് ബാധിച്ചത്. ആരാണ് ഡ്രോണ്‍ പറത്തിയതെന്ന് കണ്ടെത്താന്‍ പൊലീസിനായില്ല.

കഴിഞ്ഞ രാത്രിയാണ് റണ്‍വേയ്ക്കു സമീപമുള്ള വേലിയോടു ചേര്‍ന്ന് ഡ്രോണുകള്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് റണ്‍വേ അടച്ചത്. ലണ്ടനിലെ പ്രമുഖ വിമാനത്താവളമാണ് ഗാറ്റ് വിക് വിമാനത്താവളം. ഡ്രോണുകളെ കണ്ടതിനെ തുടര്‍ന്ന് എണ്ണൂറോളം സര്‍വീസുകളാണ് റദ്ദാക്കിയത്. ഒരു ലക്ഷത്തിലധികം യാത്രക്കാരെ ഇത് ബാധിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ബ്രിട്ടീഷ് ഗതാഗത മന്ത്രി ക്രിസ് ഗൈലിങ് ക്ഷമ ചോദിച്ചു.

ലക്ഷങ്ങളുടെ ക്രിസ്തുമസ് അവധി കുളമാക്കിയ വസ്തുവെന്ന് പറഞ്ഞാണ് സംഭവത്തെ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുലര്‍ച്ചെ വിമാനത്താവളം തുറന്നെങ്കിലും വീണ്ടും ഡ്രോണ്‍ കാണപ്പെട്ടതിനെത്തുടര്‍ന്നു വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ആരോ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ചെറു ഡ്രോണുകള്‍ക്ക് പോലും വിമാനങ്ങള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.

ഭീകരാക്രമണമാണെന്നു കരുതുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഗാറ്റ്‌വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാവാന്‍ ദിവസങ്ങള്‍ എടുത്തേക്കുമെന്നാണു സൂചന. ക്രിസ്മസ് സീസണ്‍ കൂടി അടുത്തതോടെ വലിയ തിരക്കാണ് വിമാനത്താവളത്തിലുള്ളത്. ഇവിടെയുള്ള യാത്രക്കാര്‍ക്ക് മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ഒരുക്കുന്നത്.

Similar Posts