< Back
International Old
ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിച്ച് ട്രംപ്
International Old

ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിച്ച് ട്രംപ്

Web Desk
|
27 Dec 2018 8:40 AM IST

ഭരണം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിക്കുന്നത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായ സന്ദര്‍ശനമായിരുന്നു ട്രംപിന്റേത്. സിറിയയിലെ നിന്ന് പിന്‍വാങ്ങാനുള്ള അമേരിക്കയുടെ തീരുമാനം ശരിയായിരുന്നെന്ന് ട്രംപ് ആവർത്തിച്ചു.

ഭരണം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഇറാഖിലെ യു.എസ് സൈന്യത്തെ സന്ദര്‍ശിക്കുന്നത്. പ്രഥമ വനിത മെലാനിയ ട്രംപും അദ്ദേഹത്തെ അനുഗമിച്ചു. ക്രിസ്മസിന്റെ ഭാഗമായാണ് പ്രസിഡന്റിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം. മൂന്ന് മണിക്കൂറിലധികം സമയം സൈനികരുമായി ചെലവഴിച്ച ട്രംപ് സൈനികരെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയും ചെയ്തു. സിറിയന്‍ വിഷയത്തിൽ അമേരിക്കയെക്കാൾ കൂടുതൽ ഇടപെടാന്‍ സാധിക്കുക അയൽ രാജ്യങ്ങൾക്കാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് അമേരിക്കയുടെ സിറിയയിൽ നിന്നുള്ള പിൻവാങ്ങലിനെ പ്രതിരോധിക്കാനും മറന്നില്ല.

സിറിയയില്‍ സ്ഥിരമായി തുടരാന്‍ ഒരു കാലത്തും അമേരിക്കക്ക് പദ്ധതിയുണ്ടായിരുന്നില്ലെന്ന് പറഞ്ഞ ട്രംപ്, പിന്‍വാങ്ങാനുള്ള സമയം അതിക്രമിച്ചെന്ന് വിശദീകരിച്ചു. മറ്റ് മാർഗങ്ങളാണ് ഇതിനായി കൈക്കൊള്ളാൻ ഉദ്ദേശിക്കുന്നതെന്നായിരുന്നു വിശദീകരണം. നിലവിൽ ഇറാഖി സൈന്യത്തിന് വേണ്ട പരിശീലനം നല്‍കുന്നത് യു.എസ് സേനയാണ്, മടങ്ങുന്നതിനിടെ ജര്‍മ്മനിയിലെ റാംസ്റ്റൈന്‍ എയര്‍ ബേസിലെ സൈനികരേയും ട്രംപ് സന്ദര്‍ശിക്കും.

Similar Posts