< Back
International Old
ആയിരത്തോളം ഉത്തരകൊറിയക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
International Old

ആയിരത്തോളം ഉത്തരകൊറിയക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

Web Desk
|
29 Dec 2018 8:49 AM IST

ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണത്തില്‍ നിന്നും രക്ഷനേടി ദക്ഷിണ കൊറിയയിലെത്തിയ 997 പേരുടെ വ്യക്തി വിവരങ്ങളാണ് വെള്ളിയാഴ്ച ചോര്‍ന്നത്.

ദക്ഷിണ കൊറിയയില്‍ അഭയം തേടിയ 1000ത്തോളം ഉത്തരകൊറിയക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണത്തില്‍ നിന്നും രക്ഷനേടി ദക്ഷിണ കൊറിയയിലെത്തിയ 997 പേരുടെ വ്യക്തി വിവരങ്ങളാണ് വെള്ളിയാഴ്ച ചോര്‍ന്നത്. ഇവരെ താമസിപ്പിക്കുന്ന കേന്ദ്രത്തിലെ കമ്പ്യൂട്ടറിലെത്തിയ ഇ മെയില്‍ തുറന്നതോടെയാണ് വിവരങ്ങള്‍ പുറത്തു പോയത്.

പേര്, വയസ്, അഡ്രസ് എന്നീ വിവരങ്ങളാണ് ചോര്‍ത്തിയെടുത്തത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കിങ് സംഘത്തിന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ ഉള്ള ചോര്‍ത്തല്‍ നടക്കുന്നത് ആദ്യമായാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.

വിവരങ്ങള്‍ ചോര്‍ന്നതോടെ ക്യാമ്പില്‍ കഴിയുന്നവര്‍ ആശങ്കയിലായി. ഉത്തര കൊറിയന്‍ സര്‍ക്കാര്‍ അറിയാതെ ദക്ഷിണ കൊറിയയില്‍ അഭയം തേടിയ ഇവരില്‍ പലരുടേയും കുടുംബം ഇപ്പോഴും ഉത്തര കൊറിയയില്‍ തന്നെയാണ് താമസം. 32000 ത്തോളം ഉത്തര കൊറിയക്കാരാണ് അഭയം തേടി ദക്ഷിണ കൊറിയയില്‍ ഉള്ളത്. ഇവര്‍ക്കായി 25 കേന്ദ്രങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

Similar Posts