< Back
International Old
സുഡാനിൽ പ്രസിഡന്റിനെതിരെ പ്രതിഷേധ ആഹ്വാനവുമായി പ്രതിപക്ഷം
International Old

സുഡാനിൽ പ്രസിഡന്റിനെതിരെ പ്രതിഷേധ ആഹ്വാനവുമായി പ്രതിപക്ഷം

Web Desk
|
4 Jan 2019 7:45 AM IST

ഔദ്യോഗിക കണക്കുകൾ പ്രകാരം രണ്ട് സൈനിക ഉദ്യോഗസ്ഥരടക്കം 19 പേരാണ് ഇതുവരെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത്.

സുഡാനിൽ പ്രസിഡന്റിനെതിരെ പ്രതിഷേധ ആഹ്വാനവുമായി പ്രതിപക്ഷം. പ്രസിഡന്റ് ഉമർ അൽ ബഷീര്‍ രാജി വക്കണമെന്നാണാവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്.

സംയുക്ത സമ്മേളനത്തിലാണ് പ്രതിപക്ഷത്തിലെ നാല് പ്രധാന പാർട്ടികള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ച രാജ്യവ്യാപകമായാണ് പ്രതിഷേധം. ഞായറാഴ്ചയാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് മാർച്ച്. പാർലമെന്റ് മാർച്ചിനും പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ സര്‍ക്കാർ വിരുദ്ധ പ്രകടനങ്ങളിൽ പങ്കെടുത്തവർക്കെതിരെ സുരക്ഷ സേന കണ്ണീർ വാതകം പ്രയോഗിച്ചു. നാഷനൽ കോണ്‍ഗ്രസ് പാർട്ടി ഹെഡ് ഓഫീസിൽ പ്രസിഡന്റിനെതിരെ പരാതി നൽകാനെത്തിയവർക്കെതിരെയാണ് കണ്ണീർ വാതക പ്രയോഗം. രാജ്യത്ത് വിലവർധനക്കും ഇന്ധന ക്ഷാമത്തിനുമെതിരെ ആരംഭിച്ച പ്രക്ഷോഭം, രണ്ടാഴ്ചയായി തുടരുകയാണ്.

സുഡാനിലെ ചില നഗരങ്ങളിൽ സർക്കാർ രാത്രികാല നിരോധനാജ്ഞയും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് ഉമർ അൽ ബഷീർ ശമ്പള വർധന ഉറപ്പ് നൽകിയെങ്കിലും രാജി ആവശ്യത്തിൽ നിന്ന് പ്രതിഷേധക്കാർ പിന്‍വാങ്ങാന്‍ തയ്യാറായില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം രണ്ട് സൈനിക ഉദ്യോഗസ്ഥരടക്കം 19 പേരാണ് ഇതുവരെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത്.

Similar Posts