
‘ഫലസ്തീന് കൂടെയാണ്, ഇസ്രായേലിനെ രാജ്യമായി അംഗീകരിക്കില്ല’; ഇസ്രായേല്‍ അത്‌ലറ്റുകളെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മലേഷ്യ
|ഇസ്രായേല്‍ അത്‌ലറ്റുകളെ ലോക പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് രാജ്യത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് മലേഷ്യ. 2019ലെ ലോക പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്‍ മലേഷ്യയിലെ കുച്ചിങ്ങ്, ബോര്‍ണിയോ എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ജൂലൈ 29 തൊട്ട് ആഗസ്റ്റ് 4 വരെയാണ് ടോക്കിയോവില്‍ വെച്ച് നടക്കുന്ന 2020 പാരാ ഒളിംപിക്സിനുള്ള ക്വാളിഫിയിങ്ങ് മല്‍സരങ്ങള്‍ മലേഷ്യയില്‍ നടക്കുന്നത്.
‘രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, അത് കുറ്റമാണ്’; മലേഷ്യന്‍ പ്രധാനമന്ത്രി മഹാത്തിര്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീന്റെ സ്വാതന്ത്രത്തിന് വേണ്ടി ശക്തമായി പിന്തുണക്കുന്ന രാജ്യമാണ് മലേഷ്യ. ഇസ്രായേലുമായി ഒരു തരത്തിലുമുള്ള നയതന്ത്ര ബന്ധത്തിനും തയ്യാറാകാത്ത രാജ്യം കൂടിയാണ് മലേഷ്യ. ഇസ്രായേലിനെ രാജ്യമായി പോലും അംഗീകരിക്കില്ല എന്നാണ് മലേഷ്യയുടെ നിലപാട്. ഇസ്രായേല്‍ ടീമിന് വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് മലേഷ്യയിപ്പോള്‍.
ഇതിന് മുന്‍പും മലേഷ്യ ഇസ്രായേല്‍ കളിക്കാര്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തുഴച്ചില്‍ മല്‍സരവും ടെന്നീസ് ടൂര്‍ണമെന്റും മലേഷ്യയില്‍ നടന്നപ്പോഴും ഇതേ നിലപാടായിരുന്നു രാജ്യം സ്വീകരിച്ചത്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെയും ഇസ്രായേല്‍ ഒളിംപിക് കമ്മിറ്റിയുടെയും സമ്മര്‍ദ്ദത്തെ മറികടന്നാണ് മലേഷ്യ വിലക്ക് പ്രഖ്യാപിച്ചത്. ‘അവര്‍ക്ക് വേണമെങ്കില്‍ ഞങ്ങളില്‍ നിന്നും ചാമ്പ്യന്‍ഷിപ്പ് തിരിച്ചെടുക്കാം, എന്നാല്‍ അവര്‍ അങ്ങനെ ചെയ്യട്ടെ.’; മഹാതിര്‍ പറഞ്ഞു.
ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിന്റെ ശക്തരായ വിമര്‍ശകരാണ് മലേഷ്യ.