< Back
International Old
ജപ്പാനുമായുള്ള തർക്കം പരിഹരിക്കാനൊരുങ്ങി റഷ്യ
International Old

ജപ്പാനുമായുള്ള തർക്കം പരിഹരിക്കാനൊരുങ്ങി റഷ്യ

Web Desk
|
23 Jan 2019 7:58 AM IST

എഴുപത് വർഷം നീണ്ട തർക്കം പരിഹരിക്കാൻ ഉള്ള ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞെന്ന് പുടിൻ പറഞ്ഞു.

ദ്വീപുകളുമായി ബന്ധപ്പെട്ട് ജപ്പാനുമായുള്ള തർക്കം പരിഹരിക്കാൻ റഷ്യൻ ചുവടുവെപ്പ്. വിഷയത്തിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമർ പുടിൻ ചർച്ച നടത്തി. ഏഴ് പതിറ്റാണ്ട് നീണ്ട തർക്കത്തിന് ഉചിതമായ പരിഹാരം കാണാനാകുമെന്ന് ഇരുനേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കുറില്‍സ് ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി റഷ്യയും ജപ്പാനും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ഇതിന് പരിഹാരം കാണാനാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ പുടിൻ മോസ്കോയിലേക്ക് ക്ഷണിച്ചത്. സ്വിറ്റ്സർലൻഡിൽ നടക്കുന്ന ദാവോസ് എകണോമിക് ഫോറത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആബെ മോസ്കോയിൽ എത്തി.

എഴുപത് വർഷം നീണ്ട തർക്കം പരിഹരിക്കാൻ ഉള്ള ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞെന്ന് പുടിൻ പറഞ്ഞു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചകളുടെ തുടർചർച്ചകൾ നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ആബെ പറഞ്ഞു.

2013ൽ നടന്ന സുപ്രധാന കൂടിക്കാഴ്ചക്ക് ശേഷം ഇത് ഇരുപത്തിയഞ്ചാം തവണയാണ് പുടിൻ - ആബെ ചർച്ച നടക്കുന്നത്. ദ്വീപിന്റെ അവകാശം ജപ്പാന് നൽകരുതെന്ന് ആവശ്യപ്പെട്ട് മോസ്കോയിലെ ജാപ്പനീസ് എംബസിക്ക് മുന്നിൽ ചൊവ്വാഴ്ച പ്രതിഷേധം ഉണ്ടായി. 11 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related Tags :
Similar Posts