< Back
International Old
സിറിയയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച്  ഉര്‍ദുഖാന്‍
International Old

സിറിയയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് ഉര്‍ദുഖാന്‍

Web Desk
|
29 Jan 2019 8:07 AM IST

യുദ്ധം മൂലം സിറിയയില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. ഇതില്‍ നാല് ലക്ഷത്തോളം പേര്‍ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ട്.

സിറിയയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്ബ് ഉര്‍ദുഖാന്‍. വടക്കന്‍ സിറിയയില്‍ സുരക്ഷിത മേഖലകള്‍ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് ലക്ഷത്തോളം പേര്‍ സിറിയയിലേക്ക് തിരിച്ചെത്തിയെന്നും ഉര്‍ദുഖാന്‍ പറഞ്ഞു. യുദ്ധം മൂലം സിറിയയില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. ഇതില്‍ നാല് ലക്ഷത്തോളം പേര്‍ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ട്.

യുദ്ധം മൂലം അഭയാര്‍ഥികളായവര്‍ക്ക് തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് തുര്‍ക്കി സര്‍ക്കാര്‍. അതിനായി വടക്കന്‍ സിറിയയില്‍ സുരക്ഷിത മേഖല പ്രഖ്യാപിക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്ബ് ഉര്‍ദുഖാന്‍ വ്യക്തമാക്കി. വടക്കന്‍ സിറിയയുടെ നിയന്ത്രണം നിലവില്‍ തുര്‍ക്കി പിന്തുണയുള്ള വിമതര്‍ക്കാണ്. ഈ മേഖലയില്‍ പലായനം ചെയ്ത് മൂന്ന് ലക്ഷത്തോളം സിറിയക്കാര്‍ മടങ്ങിയെത്തിയെന്നും ഉര്‍ദുഖാന്‍ പറഞ്ഞു. സുരക്ഷിത മേഖല പ്രഖ്യാപിച്ചാല്‍ ലക്ഷകണക്കിന് പേര്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ 32 കിലോമീറ്റര്‍ സുരക്ഷിത മേഖല സജ്ജമാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഒന്ന് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപനം പ്രതീക്ഷിക്കാം. നിലവില്‍ ഒറ്റക്ക് സുരക്ഷിത മേഖല സൃഷ്ടിക്കാനുള്ള പ്രാപ്തി തുര്‍ക്കിക്ക് ഉണ്ടെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാല്‍ അമേരിക്ക, റഷ്യ തുടങ്ങി മറ്റ് രാജ്യങ്ങളെ ഈ ഉദ്യമത്തില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി പറഞ്ഞു. സുരക്ഷിത മേഖല ഉടന്‍ പ്രഖ്യാപിക്കാനായില്ലെങ്കില്‍ മറ്റ് രാജ്യങ്ങളുടെ സഹകരണം ഇല്ലാതെ ബഫര്‍സോണ്‍ പ്രഖ്യാപിക്കുമെന്നും ഉര്‍ദുഖാന്‍ പറഞ്ഞു.

യു.എസ് പിന്തുണയുള്ള കുര്‍ദുകളുടെ ആക്രമണം തടയുക കൂടി ലക്ഷ്യമിട്ടാണ് ബഫര്‍സോണ്‍. എന്നാല്‍ ഐ.എസ് ആക്രമണം തടയാന്‍ യു.എസ് പിന്തുണയും, ആയുധങ്ങളുള്ള കുര്‍ദ് സേനയും വേണമെന്നാണ് അങ്കാറ ആവശ്യപ്പെടുന്നത്. എന്നാല്‍ സുരക്ഷിത മേഖലയെന്ന ആശയത്തെ എതിര്‍ത്ത് കുര്‍ദുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

2018 ഡിസംബറില്‍ സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള പ്രഖ്യാപനം നടത്തിയതിന് ശേഷം ഡൊണള്‍ഡ് ട്രംപും ഉര്‍ദുഖാനും സുരക്ഷിത മേഖല സംബന്ധിച്ച് നിരവധി തവണ ടെലഫോണില്‍ സംഭാഷണം നടത്തിയിരുന്നു.

Similar Posts