< Back
International Old
അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തര കൊറിയ
International Old

അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തര കൊറിയ

Web Desk
|
30 Jan 2019 8:51 AM IST

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍‌ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായതെന്നും...

അമേരിക്കയുമായി സമാധാനപരമായ ബന്ധമാണ് വേണ്ടതെന്ന് ഉത്തരകൊറിയ. ആണവനിരായുധീകരണത്തിനുള്ള നീക്കങ്ങള്‍ വിശ്വസനീയവും പ്രാവര്‍ത്തികവും ആവുമെങ്കില്‍ ബന്ധം മെച്ചപ്പെടുത്തുമെന്നും ഉത്തരകൊറിയ അറിയിച്ചു.

ഉത്തര കൊറിയന്‍ അംബാസിഡര്‍ ഹാന്‍ടെയിയാണ് ഇന്നലെ ഐക്യരാഷ്ട്രസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആണവനിരായുധീകരണ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ വിശ്വസനീയവും പ്രാവര്‍ത്തികവുമാവുന്ന കാര്യങ്ങളാണെങ്കില്‍ ബന്ധം വളരെ മികച്ചതാക്കുമെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്.

കൊറിയന്‍ ഉപദ്വീപില്‍ സമാധാനം ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ഉത്തരകൊറിയ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍‌ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായതെന്നും അംബാസിഡര്‍ ഹാന്‍ടെയി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ സാമാധാനം ഉറപ്പിക്കാനുള്ള തീരുമാനങ്ങളാണ് അന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും വീണ്ടും കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന് അക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അംബാസിഡറുടെ പ്രതികരണം. ആണവായുധങ്ങളുടെ നിര്‍‌മാണം അവസാനിപ്പിക്കുന്നതിലും ആണവായുധ നിര്‍മാണശാലകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിലും ഉത്തരകൊറിയ ഉറച്ച തീരുമാനം എടുക്കുമെന്നായിരുന്നു ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നത്. ട്രംപും കിമ്മും വീണ്ടുമൊരു കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Similar Posts