
ബ്രെക്സിറ്റ്: യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ ബ്രിട്ടീഷ് എം.പിമാര്‍
|യൂറോപ്യന്‍ യൂണിയനുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാറാക്കിയ ബ്രെക്സിറ്റ് കരട് കരാര്‍ ജനുവരി 15നാണ് ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്
ബ്രെക്സിറ്റ് കരാറില്‍ ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തണമെന്ന് ബ്രിട്ടീഷ് എം.പിമാര്‍. എന്നാല്‍ വിടുതല്‍ കരാറിന്‍മേല്‍ ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍. ഏഴ് ഭേദഗതികള്‍ക്കുമേല്‍ നടന്ന വോട്ടെടുപ്പില്‍ കരാറില്ലാതെ ബ്രെക്സിറ്റ് എന്നതിനെ എം.പിമാര്‍ എതിര്‍ത്തു.
യൂറോപ്യന്‍ യൂണിയനുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തയ്യാറാക്കിയ ബ്രെക്സിറ്റ് കരട് കരാര്‍ ജനുവരി 15നാണ് ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കരാറിനെ ഭൂരിപക്ഷം അംഗങ്ങളും എതിര്‍ത്തതോടെയാണ് നിരവധി മാറ്റങ്ങളുമായി മേ പുതിയ കരട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമായും ഏഴ് ഭേദഗതികളിലാണ് വോട്ടെടുപ്പ് നടന്നത്. അതില്‍ പ്രധാനം ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ടാണ്. വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി വീണ്ടും സമവായ ചര്‍ച്ചകള്‍ നടത്തണമെന്ന് പാര്‍ലമെന്റിലെ 317 അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീണ്ടുമൊരു ചര്‍ച്ചക്കുള്ള സാധ്യതകള്‍ തള്ളി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. യാതൊരു കരാറുമില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ 327 എം.പിമാര്‍ എതിര്‍ത്തു. കരാര്‍ രഹിത ബ്രെക്സിറ്റ് ബ്രിട്ടനെ തകര്‍ക്കുമെന്നാണ് ഇവരുടെ വാദം. ബ്രെക്സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിനെ 327 പേര്‍ എതിര്‍ത്തു.
വിവിധ വിഷയങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ വീണ്ടും എം.പിമാര്‍ക്ക് അവസരം നല്‍കണമെന്ന നിര്‍ദേശത്തെ ഭൂരിഭാഗം എം.പിമാരും എതിര്‍ത്തു. ഇനി വരും ദിവസങ്ങളില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയേക്കും. ഫെബ്രുവരി 26ന് മുമ്പ് പുതിയ കരാറിലെത്തുകയാണ് മേയുടെ ലക്ഷ്യം. അതിന് യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകുമോയെന്നതാണ് ഇനിയുള്ള ചോദ്യം.