< Back
International Old
ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് നാല്‍പത് വയസ്സ് 
International Old

ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് നാല്‍പത് വയസ്സ് 

Web Desk
|
11 Feb 2019 8:29 AM IST

വാര്‍ഷികം ഇറാന്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും

ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് നാല്‍പത് വയസ്സ്. ലോകത്തെമ്പാടും ഇസ്‌ലാമിക രാഷ്ട്രീയത്തിന് ദിശാമാറ്റം നല്‍കിയ ഇറാനിലെ വിപ്ലവം നടന്നത് ശിയാ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിലാണ്. വിപ്ലവത്തിന്റെ നാല്‍പതാം വാര്‍ഷികം ഇറാന്‍ ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറാനിലെ റിസാ ഷാ പഹ്‌ലവിയെ സ്ഥാനഭൃഷ്ടരാക്കിയ ബ്രിട്ടനും സോവിയറ്റ് യൂനിയനും അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് റിസാ ഷായെ ഭരണാധികാരിയാക്കി. റിസാ ഷായുടെ പ്രധാനമന്ത്രി മുഹമ്മദ് മുസദ്ദിഖ് കൊണ്ടുവന്ന ദേശസാല്‍കരണ നയങ്ങള്‍ ബ്രിട്ടനെ അസ്വസ്ഥരാക്കി. ഇറാന്‍റെ എണ്ണ മേഖലയിലെ ദേശസാല്‍കരണത്തിലുള്ള എതിര്‍പ്പ് മൂലം മുസദ്ദിഖിനെ പുറത്താക്കാന്‍ ബ്രിട്ടനും അമേരിക്കയും പദ്ധതിയിട്ടു. റിസ ഷായെ വരുതിയിലാക്കി മുസദ്ദിഖിനെ പുറത്താക്കിയത് ഇറാനില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. റിസ ഷായുടെ ഏകാധിപത്യ വാഴ്ചയും അമേരിക്കയുടെയും ബ്രിട്ടന്‍റെയും ഇറാനിലെ ഇടപെടലുകളുമാണ് ഇറാനില്‍ വിപ്ലവത്തിന് കാരണമായത്.

ഇസ്‌ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഒരേ പോലെ റിസാ ഷായെ എതിര്‍ത്തു. പ്രക്ഷോഭത്തെ തുടര്‍ന്ന് റിസാ ഷായും ഭാര്യയും ഈജിപ്തിലേക്ക് രക്ഷപ്പെട്ടു. പാരീസില്‍ രാഷ്ട്രീയ പ്രവാസത്തിലായിരുന്ന ആയത്തുല്ല ഖുമൈനിയുടെ പ്രസംഗങ്ങള്‍ കാസറ്റ് വഴി ഇറാനില്‍ പ്രചരിച്ചത് വിപ്ലവത്തെ ആളിക്കത്തിച്ചു.

1979 ഫെബ്രുവരി ഒന്നാം തിയ്യതി എയര്‍ ഫ്രാന്‍സിന്റെ ഒരു ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പാരീസില്‍ നിന്നും ആയത്തുല്ല ഖുമൈനി ഇറാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങി. തുര്‍ക്കി, ഇറാഖ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നീണ്ട 14 വര്‍ഷത്തെ വിദേശ വാസം അവസാനിപ്പിച്ചായിരുന്നു ഖുമൈനിയുടെ വരവ്. വിമാനത്തില്‍ നിന്നും പുറത്തു വന്ന ഖുമൈനിയെ സ്വീകരിക്കാന്‍ അന്ന് തടിച്ചു കൂടിയത് അരക്കോടി ഇറാനികളായിരുന്നു.

ശിയ ചിന്തകന്‍ അലി ശരീഅത്തിയുടെ എഴുത്തും പ്രസംഗങ്ങളുമാണ് ഇറാന്‍ വിപ്ലവത്തിന് ഇന്ധനമായത്. എന്നാല്‍ ശരീഅത്തി വിപ്ലവത്തിന് ഒന്നരക്കൊല്ലം മുമ്പ് ബ്രിട്ടനില്‍ വെച്ച് മരിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെയും ഉപരോധങ്ങളെയും അതിജീവിച്ചാണ് കഴിഞ്ഞ നാല്‍പത് വര്‍ഷം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ നിലനിന്നത്.

വിപ്ലവത്തിന്റെ നാല്‍പതാം വാര്‍ഷിക ആഘോഷങ്ങള്‍ ഇറാനില്‍ ഫെബ്രുവരി ഒന്നിന് ആരംഭിച്ചിട്ടുണ്ട്. ഇന്ന് വിപ്ലവത്തിന്റെ ഓര്‍മ പുതുക്കി വ്യത്യസ്ത പരിപാടികള്‍ അരങ്ങേറും.

Similar Posts