
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ നൈജീരിയയില്‍ അജ്ഞാതന്റെ ആക്രമണം; 66 പേര്‍ കൊല്ലപ്പെട്ടു
|വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കദ്വാനയിലാണ് സംഭവം. അക്രമിയെ പിടികൂടാനായില്ല.
നൈജീരിയയില്‍ അജ്ഞാതനായ തോക്കുധാരി 66 പേരെ കൊലപ്പെടുത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കദ്വാനയിലാണ് സംഭവം. അക്രമിയെ പിടികൂടാനായില്ല.
രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെയാണ് തോക്കുമായെത്തിയയാള്‍ 66 പേരെ കൊലപ്പെടുത്തിയത്. കദ്വാന സംസ്ഥാനത്തെ കാജുറു മേഖലയിലുള്ള മാരോ ഗിദ, ഐറി എന്നീ സമൂഹത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 22 കുട്ടികളും 12 സ്ത്രീകളും ഉള്‍പ്പെടും. പരിക്കേറ്റ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ മേഖലയില്‍ സുരക്ഷ ശക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിന്നും ഏതാനും പേരെ പിടികൂടിയെന്നും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് നൈജിരിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രസിഡന്റും ആള്‍ പ്രോഗ്രസീവ് പാര്‍ട്ടി നേതാവുമായ മുഹമ്മദ് ബുഹാരിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ വൈസ് പ്രസിഡന്റുമായ അതിക് അബൂബക്കറും തമ്മിലാണ് പ്രധാന പോരാട്ടം.
തെരഞ്ഞെടുപ്പിനെ ആക്രമണം ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണങ്ങളില്‍ കദ്വാന സംസ്ഥാനത്ത് 100ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് ബോക്കോ ഹറാം തീവ്രവാദികളുടെ ഭീഷണിയും രൂക്ഷമാണ്.