< Back
International Old
മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം; കോടതിയിലേക്ക്
International Old

മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം; കോടതിയിലേക്ക്

Web Desk
|
17 Feb 2019 8:13 AM IST

മതിലിനെതിരെ ഭൂവുടമകളും പരിസ്ഥിതി പ്രവര്‍ത്തകരും കോടതിയില്‍ ഹരജി നല്‍കി 

ഡൊണള്‍ഡ‍് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം കോടതിയിലേക്ക്. മതിലിനെതിരെ ഭൂവുടമകളും പരിസ്ഥിതി പ്രവര്‍ത്തകരും കോടതിയില്‍ ഹരജി നല്‍കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാത്തതില്‍ പ്രകോപിതനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭൂവുടമകളും പരിസ്ഥിതി പ്രവര്‍ത്തകരും കോടതിയെ സമീപിച്ചത്.

കോടികള്‍ മുടക്കി നിര്‍മിക്കുന്ന മതില്‍ പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ വാദം. അതേസമയം മതില്‍ നിര്‍മിച്ചാല്‍ തങ്ങളുടെ ഭൂമി വിഭജിക്കപ്പെടുമെന്ന‌ു കാണിച്ചാണ‌് തെക്കന്‍ ടെക‌്സാസിലെ ഭൂവുടമകളുടെ ഹരജി. പബ്ലിക്ക് സിറ്റിസൺ എന്ന വക്കീലന്മാരുടെ സംഘമാണ് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെയും അമേരിക്കയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കാലിഫോർണിയയിലെയും ന്യൂയോർക്കിലെയും ഗവര്‍ണർമാര്‍ ട്രംപിനെതിരെ അതിശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.

ട്രംപിന്റേത് രാഷ്ട്രീയ നാടകമാണെന്നും, അവസാന വാക്ക് ട്രംപിന്റേതല്ല, ഇവിടെ കോടതികളുണ്ടെന്നുമായിരുന്നു കാലിഫോർണിയന്‍ ഗവർണർ ഗാവിന്‍ ന്യൂസെമ്മിന്റെ പ്രതികരണം. അധികാര ദുർവിനിയോഗത്തിന് രാജ്യം കൂട്ടുനിൽക്കില്ലെന്ന് ന്യൂയോർക്കിലെ ഡെമോക്രാറ്റ് അറ്റോര്‍ണി ജനറലും പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ അധികാരത്തെ പരിമിതപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമമാണ‌് ദേശീയ അടിയന്തരാവസ്ഥ എന്ന‌് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട 570 കോടി ഡോളര്‍ നല്‍കാന്‍ കഴിയില്ലെന്ന‌് കോണ്‍ഗ്രസ‌് അറിയിച്ചതോടെയാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Similar Posts