
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം
|കഴിഞ്ഞയാഴ്ച ഗസ്സക്കു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 29 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു
ഫലസ്തീനിലെ ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ ഫലസ്തീനി കൊല്ലപ്പെട്ടു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേല്‍ ആക്രമണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ യുവാക്കള്‍ക്ക് നേരെയാണ് ഇസ്രായേലി സൈന്യം ആക്രമണം നടത്തിയത്. 24 വയസ്സുള്ള അബ്ദുല്ല അബ്ദുല്‍ ആല്‍ എന്ന യുവാവാണ് ആക്രമണത്തില്‍ മരിച്ചത്. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് കൊലപാതകം എന്നതിനാല്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച ഈജ്പ്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ സംഘം ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു. മരിച്ച അബ്ദുല്ലയുടെ ഖബറടക്ക ചടങ്ങുകളില്‍ ഇസ്രായേലിനെതിരെ കടുത്ത പ്രതിഷേധമാണുണ്ടായത്.
കഴിഞ്ഞയാഴ്ച ഗസ്സക്കു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 29 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണത്തില്‍ 4 ഇസ്രായേലികളും കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഈജിപ്തും ഖത്തറും മുന്‍കയ്യെടുത്ത് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ കൊണ്ടു വന്നത്.