
ഫലസ്തീനീല്‍ രണ്ട് യുവാക്കള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു
|റമദാനോടനുബന്ധിച്ച് അല്‍ അഖ്സ പള്ളിക്ക് സമീപം ഇസ്രായേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഫലസ്തീനീല്‍ രണ്ട് യുവാക്കള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. രണ്ട് സംഭവങ്ങളിലായാണ് രണ്ട് ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടത് .
അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ഥനക്കായി പോകുമ്പോഴാണ് ഒരാള്‍ കൊല്ലപ്പെട്ടത്.16 കാരനായ വെസ്റ്റ് ബാങ്ക് സ്വദേശി അബ്ദുള്ള ലോയല്‍ ഖെയ്ത്ത് ആണ് വെടിയേറ്റവരില്‍ ഒരാള്‍. റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്സ പള്ളിയിലേക്ക് പോകാന്‍ കിഴക്കന്‍ ജെറൂസലേമില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോളാണ് ഇയാള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തത്. നെഞ്ചില്‍ വെടിയേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു .
21 കാരനായ മോമെന്‍ അബു താബിഷിന് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഗുരുതരാവസ്ഥയില്‍ ബെത്ലഹേമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സംഭവത്തില്‍ 19 കാരന് നേരെയും സൈന്യം വെടിയുതിര്‍ത്തു. കിഴക്കന്‍ ജെറുസലേമിലെ രണ്ട് ഇസ്രായേല്‍ പൌരന്‍മാരെ ഇയാള്‍ ആക്രമിച്ചെന്ന് ആരോപിച്ചാണ് സൈന്യം വെടിയുതിര്‍ത്തത്. ഇയാളുടെ കയ്യില്‍ നിന്ന് കത്തി ലഭിച്ചെന്നും സൈന്യം അറിയിച്ചു. റമദാനോടനുബന്ധിച്ച് അല്‍ അഖ്സ പള്ളിക്ക് സമീപം ഇസ്രായേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.