
ഇസ്രായേല്‍ യുദ്ധവിമാനങ്ങൾ ഏത് സമയത്തും ഇറാനില്‍ എത്തിച്ചേര്‍ന്നേക്കാം: ഭീഷണിയുമായി നെതന്യാഹു
|എഫ് 35 ഫൈറ്റർ ജെറ്റ് വിമാനത്തിന് അരികില്‍ നിന്നാണ് ഇറാന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ നെതന്യാഹു പുറത്തുവിട്ടത്.
യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചതിന് പിന്നാലെ ഇറാന് ഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ഇസ്രായേല്‍ യുദ്ധ വിമാനങ്ങൾ ഏത് സമയത്തും ഇറാനെ ലക്ഷ്യമാക്കി എത്തിച്ചേര്‍ന്നേക്കാമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് 2015ലെ ആണവ കരാര്‍ ലംഘിച്ചതായി ഇറാന്‍ അറിയിച്ചത്.
എഫ് 35 ഫൈറ്റർ ജെറ്റ് വിമാനത്തിന് അരികില്‍ നിന്നാണ് ഇറാന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ നെതന്യാഹു പുറത്തുവിട്ടത്. ഇസ്രായേലിന്റെ കരുത്തുറ്റ യുദ്ധ വിമാനങ്ങൾ ഏത് സമയത്തും പശ്ചിമേഷ്യയില്‍ എത്തിച്ചേരാമെന്നും ഇറാന്‍ കരുതിയിരിക്കണമെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഇറാനിലും സിറിയയിലും നിരവധി തവണ ഇസ്രായേലിന്റെ എഫ് 35 ഫൈറ്റർ ജെറ്റ് വിമാനങ്ങൾ ആക്രമണം നടത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ പതനം അടുത്ത് തന്നെ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇറാന്‍ കരുതിയിരിക്കുന്നത് നല്ലതാണെന്നും നെതന്യാഹു പറയുന്നു.
2015ല്‍ ഇറാനും അമേരിക്കയും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ചേര്‍ന്ന് ഉണ്ടാക്കിയ ആണവ കരാറിന്റെ സ്ഥിരം വിമര്‍ശകനായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസമാണ് 2015ലെ ആണവ കരാര്‍ ലംഘിച്ചു കൊണ്ട് സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ തോത് വര്‍ധിപ്പിച്ചതായി ഇറാന്‍ അറിയിച്ചത്. ഇറാന് ഭീഷണിയുമായി അമേരിക്ക ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് യൂറോപ്യന്‍ യൂണിയനും ഇറാനോട് ആവശ്യപ്പെട്ടു.