
കിഴക്കന്‍ ജറുസലമില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീനികളുടെ വീടുകള്‍ പൊളിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്
|കിഴക്കന്‍ ജറുസലമില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീനികളുടെ വീടുകള്‍ പൊളിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സൂർ ബാഹർ ഗ്രാമത്തിലെ കെട്ടിടങ്ങള്‍ ഇസ്രായേല്‍ സൈന്യം വലിയ സ്ഫോടനത്തിലൂടെ തരിപ്പണമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നൂറോളം അപ്പാർട്ടുമെന്‍റുകളും 16 പാർപ്പിട സമുച്ചയങ്ങളുമാണ് ഇങ്ങനെ തകര്‍ത്തു കളഞ്ഞത്. ഇതോടെ ആയിരക്കണക്കിന് ഫലസ്തീനികള്‍ തെരുവിലായി. ഫലസ്തീനില്‍ നിന്നുള്ള പ്രതിഷേധങ്ങളേയും അന്താരാഷ്ട്ര വിമര്‍ശനങ്ങളേയും മറികടന്നാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം സൂര്‍ ബാഹര്‍ ഗ്രാമത്തിലെ കെട്ടിടങ്ങള്‍ തരിപ്പണമാക്കിയത്.
അതിര്‍ത്തിയോട് ചേര്‍ക്കുന്ന ഈ ഗ്രാമം തങ്ങളുടേതാണെന്നും ഇവിടെയുള്ള ഫലസ്തീനികളുടെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നുമാണ് ഇസ്രായേലിന്റെ വാദം. ഈ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഇസ്രായേല്‍ സുപ്രീംകോടതി നല്‍കിയ അവസാന സമയം തിങ്കളാഴ്ചയായിരുന്നു. ഫലസ്തീന്‍ പൂര്‍ണമായി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേല്‍ നടപടിയെന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനേസേഷൻ ആരോപിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇസ്രായേല്‍ പ്രധാമന്ത്രിയായി ബെന്യമിന്‍ നെതന്യാഹു വീണ്ടും അധികാരത്തിലേറിയത്. താന്‍ അധികാരത്തിലേറിയാല്‍ ഇസ്രായേല്‍ ഭൂപ്രദേശത്തിന്റെ വ്യാപനം വേഗത്തിലാക്കുനെന്ന് നെതന്യാഹു വാഗ്ദാനം നല്‍കിയിരുന്നു.