
ലബനാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ - ഹിസ്ബുല്ല സംഘര്‍ഷം രൂക്ഷമാകുന്നു
|ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ദക്ഷിണ ലബനാനു നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ലബനാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ - ഹിസ്ബുല്ല സംഘര്‍ഷം രൂക്ഷമാകുന്നു. ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ദക്ഷിണ ലബനാനു നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. നേരത്തെ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ ടാങ്കുകള്‍ തകരുകയും സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇടവേളക്ക് ശേഷം ഇസ്രായേല്‍ - ഹിസ്ബുല്ല സംഘര്‍ഷം വീണ്ടും ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലബനാന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന യുദ്ധ ടാങ്കുകള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി സൈനികരെ വധിച്ചതായി ലബനീസ് സായുധ സംഘടന ഹിസ്ബുല്ലയാണ് ആദ്യം പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ ആളില്ലാ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി ലബനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് തൊട്ടുടനെയായിരുന്നു ആക്രമണം.
നേരത്തെ ഹിസ്ബുല്ലയുടെ മാധ്യമ സ്ഥാപനത്തിന് മുകളിലും ഇസ്രായേല്‍ ആളില്ലാ വിമാനങ്ങള്‍ എത്തിയിരുന്നു. സിറിയയില്‍ വിമതര്‍ക്കെതെ ഔദ്യോഗിക സൈന്യത്തിനൊപ്പം യുദ്ധം ചെയ്യുന്ന രണ്ട് ഹിസ്ബുല്ല നേതാക്കളെ ഇസ്രായേല്‍ വധിക്കുകയും ചെയ്തിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല വ്യക്തമാക്കി ദിവസങ്ങള്‍ക്കകമാണ് ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേല്‍ ടാങ്കറുകള്‍ തകരുകയും സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇതോടെ ദക്ഷിണ ലബനാനില്‍ ആക്രമണം നടത്തിയതായി ഇസ്രായേലും വ്യക്തമാക്കി.
എന്നാല്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല. 2006ലെ ഹിസ്ബുല്ല - ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേലിന് തിരിച്ചടി നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് ഇരുകക്ഷികളും തമ്മിലേര്‍പ്പെട്ട അനുരഞ്ജന കരാറിന് ശേഷം ഇതാദ്യമായാണ് ഇസ്രായേലിനകത്ത് കയറി ഹിസ്ബുല്ല ആക്രമണം നടത്തുന്നത്.