
ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടി
|പ്രാഥമിക ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്തെ പ്രധാന പാര്‍ട്ടികള്‍ക്കൊന്നും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല.
ഇസ്രായേല്‍ പൊതുതെഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടി. പ്രാഥമിക ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്തെ പ്രധാന പാര്‍ട്ടികള്‍ക്കൊന്നും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. അതേ സമയം ലികുഡ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കനുള്ള ശ്രമം തുടരുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേലില്‍ അറബ്, സയണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തില്‍ വന്നാല്‍ അത് രാജ്യത്തിന് തന്നെ ആപല്‍ക്കരമാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക ഫലങ്ങള്‍ നിലവിലെ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന് എതിരാണ്.
90 ശതമാനം വോട്ടെണ്ണിയപ്പോള്‍ 120 അംഗ സെനറ്റില്‍ നെതന്യാഹുവിന്‍റെ ലികുഡ് പാര്‍ട്ടിക്കും മുഖ്യ എതിരാളി ബെന്നി ഗാന്‍റസിന്‍റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും 32 സീറ്റ് വീതമാണ് ലഭിച്ചിട്ടുള്ളത്. ചെറു പാര്‍ട്ടികളുടെ കൂട്ടായ്മയായ അറബ് ജോയന്‍റ് ലിസ്റ്റ് 12 സീറ്റ് നേടി മൂന്നാമത്തെ വലിയകക്ഷിയായി. അവിഗ്ദര്‍ ലിബര്‍മാന്‍റ ഇസ്രായേല്‍ ബൈതിനു പാര്‍ട്ടി 9 സീറ്റു നേടിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിച്ചിട്ടില്ല. എന്നാല്‍ വലത്പക്ഷ പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അറബ്, സയണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.