International Old
വടക്കന്‍ സിറിയയില്‍ സൈനിക നടപടി നിര്‍ത്തിവെയ്ക്കാന്‍ തുര്‍ക്കിയും അമേരിക്കയും തമ്മില്‍ ധാരണ
International Old

വടക്കന്‍ സിറിയയില്‍ സൈനിക നടപടി നിര്‍ത്തിവെയ്ക്കാന്‍ തുര്‍ക്കിയും അമേരിക്കയും തമ്മില്‍ ധാരണ

Web Desk 8
|
18 Oct 2019 7:50 AM IST

വടക്കന്‍ സിറിയയില്‍ സൈനിക നടപടി നിര്‍ത്തിവെയ്ക്കാന്‍ തുര്‍ക്കിയും അമേരിക്കയും തമ്മില്‍ ധാരണയായി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദ്ദുഗാനുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് തീരുമാനം. തുര്‍ക്കിക്ക് മേല്‍ അമേരിക്ക നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അങ്കാരയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷാമാണ് കുര്‍ദിഷ് മേഖലയിലെ സൈനിക നടപടി നിര്‍ത്തിവെക്കാനുള്ള തീരുമാനത്തില്‍ തുര്‍ക്കിയെത്തിയത്.

വൈ.പി.ജി അടക്കമുള്ള കുര്‍ദ് സായുധ സംഘടനകള്‍ക്ക് മേഖലയില്‍ നിന്ന് പിന്‍വാങ്ങാന്‍ 120 മണിക്കൂര്‍ സമയം നല്‍കുമെന്ന് തുര്‍ക്കി അറിയിച്ചതായി മൈക്ക് പെന്‍സ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സായുധ സംഘടനകള്‍ മേഖലയില്‍ നിന്ന് പൂര്‍ണമായി പിന്മാറിയാല്‍ ഓപ്പറേഷന്‍ പീസ് സ്പ്രിങ് എന്ന പേരില്‍ നടത്തുന്ന സൈനിക നടപടി പൂര്‍ണമായി നിര്‍ത്തുമെന്നും തുര്‍ക്കി അറിയിച്ചിട്ടുണ്ട്.

സൈനിക നടപടിയില്‍ നിന്ന് തുര്‍ക്കി പൂര്‍ണമായി പിന്മാറിയാല്‍ തുര്‍ക്കിക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. വൈ.പി.ജിയും വെടിനിര്‍ത്തലിന് തയ്യാറാണെന്നറിയിച്ചിട്ടുണ്ട്. തീരുമാനത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസും സ്വാഗതം ചെയ്തു.

അതിര്‍ത്തിയില്‍ സുരക്ഷ മേഖല സൃഷ്ടിക്കാനെന്നപേരില്‍ തുര്‍ക്കി ഒരാഴ്ച മുമ്പാണ് സൈനിക നടപടി ആരംഭിച്ചത്.

Similar Posts