
ഗസയില്‍ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍; രണ്ട് ദിവസത്തിനിടെ 34 പേര്‍ കൊല്ലപ്പെട്ടു
|വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ കാറ്റില്‍ പറത്തിയാണ് ഫലസ്തീനിലും ഗസയിലുമായി ഇസ്രായേല്‍ രൂക്ഷമായ ആക്രമണം തുടരുന്നത്.
ഫലസ്തീനിലും ഗസയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍. രണ്ട് ദിവസത്തിനിടെ നടന്ന ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമോചനവാദികളായ ഇസ്‍ലാമിക് ജിഹാദിന്റെ നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ കാറ്റില്‍ പറത്തിയാണ് ഫലസ്തീനിലും ഗസയിലുമായി ഇസ്രായേല്‍ രൂക്ഷമായ ആക്രമണം തുടരുന്നത്. ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥനായ റാസ്മി അബു മല്ഹോസും കുടുംബവും കൊല്ലപ്പെട്ടത് മേഖലയില്‍ രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. കുടുംബത്തിലെ അഞ്ച് കുട്ടികളടക്കമുള്ള കൊല്ലപ്പെട്ട എട്ട് പേരുടെയും മൃതദേഹങ്ങളുമെന്തിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
രണ്ട് ദിവസങ്ങളിലായി തുടരുന്ന വ്യോമാക്രമണത്തില്‍ ഇതിനോടകം 34 പേര്‍ കൊല്ലപ്പെടുകയും 63ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വിമോചന സംഘടനായ ഇസ്‍ലാമിക് ജിഹാദ് നേതാക്കളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമണമെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. അതേസമയം രൂക്ഷമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും സാധാരണക്കാരാണ്.
ഐക്യരാഷ്ട്ര സംഘടനയടക്കം മുന്നോട്ട് വയ്ക്കുന്ന സമാധാന ശ്രമങ്ങളെ വകവെയ്ക്കാന്‍ ഇസ്രായേല്‍ ഇത് വരെ തയ്യാറായിട്ടില്ല. അതേസമയം പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ക്യാമ്പുകളിലെത്തി സൈനികര്‍ക്ക് പിന്തുണ അറിയിച്ചതും വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.