International Old
കോവിഡ് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആലിംഗനം നഷ്ടപ്പെടുത്തിയോ? എങ്കില്‍ മരങ്ങളെ കെട്ടിപ്പിടിക്കൂവെന്ന് ഇസ്രായേല്‍
International Old

കോവിഡ് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആലിംഗനം നഷ്ടപ്പെടുത്തിയോ? എങ്കില്‍ മരങ്ങളെ കെട്ടിപ്പിടിക്കൂവെന്ന് ഇസ്രായേല്‍

|
14 July 2020 11:03 AM IST

കോവിഡ് എന്ന മഹാമാരി ലോകമെങ്ങും ആഞ്ഞടിക്കുമ്പോള്‍ പ്രകൃതിയിലേക്കിറങ്ങി ഒരു ദീര്‍ഘ ശ്വാസമെടുക്കൂ

ഈ കോവിഡ് കാലം നമ്മുടെ പ്രിയപ്പെട്ടവരെ മാത്രമല്ല, ഇഷ്ടപ്പെട്ട കാര്യങ്ങളെയും നഷ്ടപ്പെടുത്തിയിട്ടുണ്ട്. കൂടിച്ചേരലുകള്‍, ചേര്‍ത്തു പിടിക്കലുകള്‍..ഒത്തുചേര്‍ന്നുള്ള സന്തോഷങ്ങള്‍..അങ്ങിനെ എല്ലാത്തിനെയും. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാന്‍ നാം മറന്നുപോയിരിക്കുന്നു. വിദേശരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പരസ്പരം കാണുമ്പോഴുള്ള ഈ ആലിംഗനം ഒരു പതിവാണ്. ഇതിനൊരു പോംവഴിയുമായി എത്തിയിരിക്കുകയാണ് ഇസ്രായേലിലെ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക് അതോറിറ്റി. പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കുന്നതിന് പകരം മരങ്ങളെ ആലിംഗനം ചെയ്യൂ എന്നാണ് അതോറിറ്റി നല്‍കുന്ന സന്ദേശം.

''കോവിഡ് എന്ന മഹാമാരി ലോകമെങ്ങും ആഞ്ഞടിക്കുമ്പോള്‍ പ്രകൃതിയിലേക്കിറങ്ങി ഒരു ദീര്‍ഘ ശ്വാസമെടുക്കൂ, ഒരു മരത്തെ കെട്ടിപ്പിടിക്കൂ, നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യൂ'' അതോറിറ്റി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഒറിറ്റ് സ്റ്റെയിന്‍ഫീല്‍ഡ് പറഞ്ഞു. ഈ ദിവസങ്ങളില്‍ നമ്മുടെ മക്കളെയോ പേരക്കുട്ടികളെയോ കെട്ടിപ്പിടിക്കാന്‍ സാധിക്കില്ല, ഒരു മരത്തെ ആലിംഗനം ചെയ്യുക എന്നത് നല്ല കാര്യമാണെന്ന് വൃക്ഷസ്നേഹിയായ ഹസന്‍ പറഞ്ഞു. മരങ്ങളെ ആലിംഗനം ചെയ്യുന്ന പരിപാടി കഴിഞ്ഞ ഏപ്രിലില്‍ ഐസ്‍ലാന്‍ഡും സംഘടിപ്പിച്ചിരുന്നു.

കോവിഡ് ബാധിച്ച് ഇസ്രായേലില്‍ ഇതുവരെ 365 പേരാണ് മരണമടഞ്ഞത്. 40,432 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 19,395 പേര്‍‌ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുതിര്‍ന്ന പൌരന്‍മാരുമായി ഇടപഴകുന്നതിലും നഴ്സിംഗ് ഹോമുകള്‍ സന്ദര്‍ശിക്കുന്നതിലും നിയന്ത്രണമുണ്ട്.

Similar Posts