< Back
International Old
ഒരു ദിവസത്തെ നഷ്ടം മാത്രം 900 കോടി ഡോളര്‍: ആ കപ്പല്‍ ലോകത്തിനുണ്ടാക്കുന്ന നഷ്ടം ഞെട്ടിക്കുന്നത്!
International Old

ഒരു ദിവസത്തെ നഷ്ടം മാത്രം 900 കോടി ഡോളര്‍: ആ കപ്പല്‍ ലോകത്തിനുണ്ടാക്കുന്ന നഷ്ടം ഞെട്ടിക്കുന്നത്!

Web Desk
|
27 March 2021 12:50 PM IST

ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി വഴിമുടക്കി കിടക്കുകയാണ് എവര്‍ ഗിവണ്‍ എന്ന കണ്ടെയ്നര്‍ കപ്പല്‍

ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി വഴിമുടക്കി കിടക്കുകയാണ് എവര്‍ ഗിവണ്‍ എന്ന കണ്ടെയ്നര്‍ കപ്പല്‍. നിയന്ത്രണം നഷ്ടമായി കനാലിന് കുറുകെയായി കപ്പല്‍ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. കപ്പല്‍ നീക്കണമെങ്കില്‍ കനാലിന്‍റെ തീരത്തെ 20,000 ഘനമീറ്റര്‍ മണലും ചെളിയും നീക്കം ചെയ്യേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. കപ്പലിന്‍റെ മുന്‍ഭാഗം മണലില്‍ ഇടിച്ചു നില്‍ക്കുകയാണ്. ഈ ഭാഗത്തെ മണലാണ് നീക്കം ചെയ്യേണ്ടത്. കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോള്‍ ഏകദേശം 900 കോടി ഡോളറാണ് ഒരു ദിവസത്തെ മാത്രം നഷ്ടം.

എവര്‍ ഗിവണിന് തൊട്ടുപിറകിലുണ്ടായിരുന്ന ചരക്കുകപ്പലുകള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. കപ്പല്‍ നീക്കാന്‍ വൈകിയാല്‍ അത് റഷ്യയില്‍ നിന്ന് ഏഷ്യയിലേക്കുള്ള ഇന്ധന വരവിനെ ബാധിക്കാനും സാധ്യതയുണ്ട്. കണ്ടെയ്നറിലെ ചരക്ക് വൈകിയതില്‍ ഇടപാടുകാര്‍ക്കുള്ള നഷ്ടം പോലും ചിലപ്പോള്‍ കപ്പല്‍ കമ്പനി അധികൃതര്‍ നല്‍കേണ്ടി വരും.

നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നാണ് ഇത്. മൂന്നു വർഷം മുമ്പ്​ ജപ്പാനിൽ നിർമിച്ചതാണ് ഈ കപ്പല്‍. രണ്ടു ലക്ഷം ടൺ ആണ്​ കപ്പലിന്‍റെ ചരക്ക് ശേഷി. ജപ്പാനിലെ ഷൂയി ​കിസെൻ ​കയ്​ഷ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ്​ കപ്പല്‍.

പെട്ടെന്നുണ്ടായ കാറ്റില്‍ കപ്പലിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് കപ്പല്‍ കമ്പനി പറയുന്നത്. കാറ്റില്‍ ഒരുവശത്തേക്ക് ചരിഞ്ഞതോടെ കപ്പലിന്‍റെ ഒരു ഭാഗം കനാലിന്‍റെ ഒരു ഭാഗത്ത് ഇടിക്കുകയും ചെയ്തു. കപ്പലിനെ നിരവധി ടഗ് ബോട്ടുകള്‍ കൊണ്ട് വലിച്ചുനീക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts