
ഗസ്സ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരും: നെതന്യാഹു
|റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്ന് കുറ്റപ്പെടുത്തിയ നെതന്യാഹു, മനുഷ്യര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.
ഗസ്സയ്ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്ന് കുറ്റപ്പെടുത്തിയ നെതന്യാഹു, മനുഷ്യര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.
"ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കേണ്ടത് ഞങ്ങളല്ല, ഞങ്ങളെ ആക്രമിക്കുന്നവരാണ്, ഞങ്ങൾ ഗസ്സ ഓപ്പറേഷന്‍ തുടരും. അത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ആവശ്യമുള്ളിടത്തോളം തുടരും. ഹമാസ് സാധാരണക്കാരുടെ പിന്നില്‍ ഒളിച്ച് ആ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. എന്നല്‍ ഞങ്ങള്‍ സാധാരണക്കാരുടെ ജീവനെടുക്കാതിരിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. തീവ്രവാദികളെ നേരിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നത്"- എന്നാണ് നെതന്യാഹു അവകാശപ്പെട്ടത്.
തുടരുന്ന കൂട്ടക്കൊല.. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 150 ആയി
തുടർച്ചയായ ഏഴാം ദിവസവും ഗസ്സക്കു മേൽ ബോംബുവർഷം തുടരുകയാണ് ഇസ്രായേൽ. 41 കുട്ടികളും 22 സ്ത്രീകളുമുള്‍പ്പെടെ 150 പേരാണ് ഗസ്സയിൽ മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി താമസ സ്ഥലങ്ങള്‍ തകർന്നു. ഹമാസുമായി ചർച്ചകൾക്കൊടുവിൽ ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറും ഇസ്രായേൽ തള്ളി.
അസോസിയേറ്റഡ് പ്രസ്, അൽജസീറ ഉൾപ്പെടെ മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അൽ ജലാ ടവർ ഇന്നലെയാണ് ഇസ്രായേല് തകര്‍ത്തത്. ഫലസ്തീനിലെ മിക്ക മാധ്യമങ്ങളുടെയും ആസ്ഥാനം പ്രവർത്തിച്ച 12 നില ടവറിനു നേരെ ബോംബറുകൾ വര്‍ഷിക്കുകയായിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ അവശ്യ വസ്തുക്കൾ മാറ്റാൻ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെയായിരുന്നു തുടര്‍ച്ചയായുള്ള ബോംബുവർഷം. ആക്രമണത്തിൽ ഓഫീസ് നാമാവശേഷമായിട്ടുണ്ടെങ്കിലും യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേലിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെചെയ്യുമെന്ന് അല്‍ജസീറ പ്രതികരിച്ചു.
ഗസ്സയിലെ ഫലസ്തീനി അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടു. ഒരു ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടവരിൽ പെടും. ഇസ്രായേലിൽ ഫലസ്തീനി- ജൂത ഏറ്റുമുട്ടലും അതിവേഗം വ്യാപിക്കുകയാണ്. പൊലീസ് വെടിവെപ്പിൽ 12 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്‍റെ അക്രമത്തെ എതിര്‍ത്തും ഫലസ്തീനെ പിന്തുണച്ചും ലോകത്തിന്‍റെ പല ഭാഗങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. യു.കെ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി, ഖത്തര്‍, ഇറാഖ്, ലെബനണ്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടന്നു.