< Back
Kerala
പ്രശ്നങ്ങള്‍ക്ക് കാരണം സ്ത്രീധന തര്‍ക്കം, പൊലീസും സി.ഡബ്ല്യു.സിയും അറിഞ്ഞാണ് കേസ് കെട്ടിച്ചമച്ചത്: കടയ്ക്കാവൂരിലെ യുവതിയുടെ പിതാവ്
Kerala

പ്രശ്നങ്ങള്‍ക്ക് കാരണം സ്ത്രീധന തര്‍ക്കം, പൊലീസും സി.ഡബ്ല്യു.സിയും അറിഞ്ഞാണ് കേസ് കെട്ടിച്ചമച്ചത്: കടയ്ക്കാവൂരിലെ യുവതിയുടെ പിതാവ്

|
11 Jan 2021 4:47 PM IST

മകളെ ജയിലിൽ നിന്നിറക്കില്ലെന്ന് ഒരു പൊലീസുകാരൻ ഭീഷണിപ്പെടുത്തിയെന്ന് പിതാവ്

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരെ വിമർശനവുമായി യുവതിയുടെ പിതാവ്. പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അറിഞ്ഞുകൊണ്ടാണ് കേസ് കെട്ടിച്ചമച്ചത്. മകളെ ജയിലിൽ നിന്നിറക്കില്ലെന്ന് ഒരു പൊലീസുകാരൻ ഭീഷണിപ്പെടുത്തി. സ്ത്രീധനം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.

നീതി ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. അതേസമയം യുവതിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ഹർജി തള്ളിയത്. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷയുമായി യുവതി കോടതിയെ സമീപിച്ചത്.

എന്നാല്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അച്ഛനും മകനും പ്രതികരിച്ചു. അമ്മ രാത്രിയില്‍ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകൻ പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നല്‍കിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛന്‍ പറഞ്ഞു. അതേസമയം അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന്‍ വെളിപ്പെടുത്തുകയുണ്ടായി. ചേട്ടനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന്‍ പറഞ്ഞു. യുവതിയുടെ അറസ്റ്റില്‍ പൊലീസിന് വീഴ്ചയെന്ന ആരോപണമടക്കം ഐജി പരിശോധിക്കും. ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി.

അമ്മയ്ക്കെതിരായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു. കൌണ്‍സിലിംഗില്‍ അമ്മയ്ക്കെതിരെ കുട്ടി മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. കേസെടുക്കാനുള്ള ശുപാര്‍ശയും കുട്ടിയുടെ കൌണ്‍സിലിംഗ് റിപ്പോര്‍ട്ടും പൊലീസിന് കൈമാറിയത് സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ തന്നെയാണ്. ഇതോടെ പൊലീസ് കേസെടുത്തത് തന്‍റെ നിര്‍ദ്ദേശ പ്രകാരമല്ലെന്ന സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദയുടെ വാദം പൊളിഞ്ഞു.

Similar Posts