
അവസാന കളിയും തോറ്റ് ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് ഉറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ്
|എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍റെ വിജയം.
സീസണിലെ അവസാന മത്സരത്തിലും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. ഐ.എസ്.എല്‍ സീസണിലെ തങ്ങളുടെ ഇരുപതാം മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ നോര്‍ത്ത് ഈസ്റ്റ് ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്‍റെ വിജയം.
വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫിലെത്തി. നിലവില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമാണ് നോർത്ത് ഈസ്റ്റ്. വിജയത്തോടെ സീസൺ അവസാനിപ്പിക്കാം എന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോഹത്തിനെ തച്ചുതകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫിലേക്ക് നടന്ന് കയറിയത്.
കളിയുടെ 34ാം മിനുട്ടിൽ മലയാളി താരം വി.പി സുഹൈറിലൂടെയാണ് നോർത്ത് ഈസ്റ്റ് ലീഡ് നേടിയത്. കോനെക്ക് പറ്റിയ ഒരു പിഴവില്‍ നിന്ന് പന്ത് ലഭിച്ച സുഹൈർ അനായാസം ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. സുഹൈർ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടുന്നത്. കളിയുടെ തുടക്കത്തിൽ ഒരു ഫ്രീ ഹെഡറിൽ നിന്ന് ഗോൾ നേടാൻ ഉള്ള അവസരം കേരള ബ്ലാസ്റ്റേഴ്സ് സെന്‍റര്‍ ബാക്ക് കോനയ്ക്ക് ലഭിച്ചെങ്കിലും താരത്തിന് ഹെഡർ ടാർഗറ്റിലേക്ക് തിരിക്കാന്‍ ആയില്ല.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇന്‍ജുറി ടൈമില്‍ ആയിരുന്നു നോർത്ത് ഈസ്റ്റിന്‍റെ രണ്ടാം ഗോൾ. ലാലെങ്മാവിയ ആണ് ഇത്തവണ നോര്‍ത്ത് ഈസ്റ്റിനായി സ്കോര്‍ ചെയ്തത്. നോര്‍ത്ത് ഈസ്റ്റ് രണ്ട് ഗോള്‍ ലീഡ് നേടിയതോടെ രണ്ടാം പകുതിയിൽ കളി വിരസമായിരുന്നു. തിരിച്ചടിക്കായി കേരളം ഉണര്‍ന്ന് കളിക്കാതിരുന്നതോടെ നോർത്ത് ഈസ്റ്റ്റ്റ് പ്ലേ ഓഫ് ഉറപ്പിച്ചു.