< Back
Kerala
പ്രളയക്കെടുതിക്കിടയിലെ വിദേശയാത്രയെ ന്യായീകരിക്കരുതെന്ന് മന്ത്രി കെ രാജുവിനോട് സിപിഐ
Kerala

പ്രളയക്കെടുതിക്കിടയിലെ വിദേശയാത്രയെ ന്യായീകരിക്കരുതെന്ന് മന്ത്രി കെ രാജുവിനോട് സിപിഐ

Web Desk
|
21 Aug 2018 12:30 PM IST

സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ കേരളം അകപ്പെട്ട് നില്‍ക്കുമ്പോള്‍‍ ജര്‍മ്മന്‍ യാത്ര ചെയ്ത മന്ത്രി കെ. രാജുവിന്‍റെ കാര്യം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

പ്രളയക്കെടുതിക്കിടയിലെ വിദേശയാത്ര വിവാ‌ദത്തെ ന്യായീകരിക്കരുതെന്ന് മന്ത്രി കെ രാജുവിനോട് സിപിഐ നേതൃത്വം. യാത്രയില്‍ തെറ്റുപറ്റിയില്ലെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിലപാട്. യാത്രയ്ക്കു പോയപ്പോള്‍ മന്ത്രി വകുപ്പിന്റെ ചുമതല കൈമാറിയത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും വ്യക്തമായി.

സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ കേരളം അകപ്പെട്ട് നില്‍ക്കുന്പോള്‍ ജര്‍മ്മന്‍ യാത്ര ചെയ്ത മന്ത്രി കെ. രാജുവിന്‍റെ കാര്യം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. യാത്രയില്‍ തെറ്റില്ലെന്ന കെ.രാജുവിന്റെ വാദം സിപിഐ നേതൃത്വം തള്ളി. ഇന്നലെ രാത്രി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കെ രാജു കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും നേതൃത്വം തൃപ്തരല്ല. യാത്രയെ ന്യായീകരിച്ചത് ശരിയായില്ലെന്നും, ദുരന്തസമയത്തെ യാത്ര തെറ്റായിരുന്നെന്നും കാനം നേരിട്ട് തന്നെ രാജുവിനോട് പറഞ്ഞതായാണ് സൂചന.

മാത്രമല്ല യാത്ര പോകുമ്പോള്‍ മന്ത്രിയുടെ വകുപ്പിന്റെ ചുമതല കൈമാറിയത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നും വ്യക്തമായിട്ടുണ്ട്. വകുപ്പിന്‍റെ ചുമതല പി. തിലോത്തമനു കെ രാജു കൈമാറിയത് സ്വന്തം ലെറ്റര്‍ പാ‍ഡില്‍ എഴുതി നല്‍കിയാണ്. മന്ത്രിമാരുടെ ചുമതല മറ്റൊരാള്‍ക്ക് കൈമാറുന്പോള്‍ പൊതുഭരണവകുപ്പ് ഉത്തരവിറക്കണമെന്ന നിബന്ധന മന്ത്രി പാലിച്ചില്ല. മുഖ്യമന്ത്രി അറിയാതെയാണോ ചുമതല കൈമാറിയതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള രാജു അനുമതി തേടിയത്. എന്നാല്‍ യാത്ര പോകുന്നതിന് തൊട്ട് മുന്‍പുണ്ടായ അസാധാരണ സാഹചര്യം മന്ത്രി പരിഗണിക്കണമായിരുന്നു എന്നാണ് പാര്‍ട്ടി നിലപാട്. അടുത്ത മാസം ആദ്യം ചേരുന്ന സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങല്‍ യാത്ര വിവാദം ചര്‍ച്ച ചെയ്യും. രാജുവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.

Similar Posts