< Back
Kerala
Woman sentenced to imprisonment and fine for displaying nudity to underage boy
Kerala

സംസ്ഥാനത്ത് പോക്സോ കോടതികളിൽ കെട്ടിക്കിടക്കുന്നത് 6000ൽ അധികം കേസുകൾ

Web Desk
|
16 Sept 2025 3:29 PM IST

തിരുവനന്തപുരം കോടതിയിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കോടതികളിൽ കെട്ടിക്കിടക്കുന്നത് 6522 കേസുകൾ. തിരുവനന്തപുരം കോടതിയിലാണ് ഏറ്റവും കൂടുതൽ കേസുകളുള്ളത്. 1370 കേസുകളാണ് തിരുവനന്തപുരത്ത് വിചാരണ നടക്കുന്നത്. കൊല്ലം- 463, പത്തനംതിട്ട- 131, കോട്ടയം- 219, ആലപ്പുഴ- 468, തൊടുപുഴ- 362, എറണാകുളം- 704, തൃശൂർ- 368, പാലക്കാട്- 519, മഞ്ചേരി- 578, കോഴിക്കോട്- 642, കൽപറ്റ- 241, കണ്ണൂർ- 225, കാസർകോട്- 232 എന്നിങ്ങനെയാണ് മറ്റു കോടതികളിലെ കേസുകളുടെ എണ്ണം. കെ.ജെ മാക്‌സി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ 31-07-2025 വരെയുള്ള കണക്കുകൾ നിയമസഭയിൽ പറഞ്ഞത്.

റേപ് കേസുകളും പോക്‌സോ കേസുകളും വേഗത്തിൽ വിചാരണ നടത്താൻ 14 എക്‌സ്‌ക്ലൂസീവ് പോക്‌സോ കോടതികൾ ഉൾപ്പെടെ 56 അതിവേഗ പ്രത്യേക കോടതികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതികളെയും മറ്റു ജില്ലകളിലെ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതികളെയും 'ചിൽഡ്രൻസ് കോർട്ട്' ആയി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോറൻസിക് ലാബുകളിലെ കാലതാമസം ഒഴിവാക്കാൻ 28 സയന്റിഫിക് ഓഫീസർ തസ്തികകൾ അനുവദിച്ചിട്ടുണ്ട്. കേസുകളുടെ ഫയലിങ്, തീർപ്പാക്കിയ കേസുകളുടെയും തീർപ്പാക്കാനുള്ള കേസുകളുടെയും എണ്ണവും പോക്‌സോ ആക്ടിന് കീഴിലുള്ള കേസുകളുടെ എണ്ണവും വിചാരണയുടെ പുരോഗതിയും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Similar Posts