
'ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ രാഷ്ട്രീയമില്ല, കോൺഗ്രസിൽ നിന്ന് ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല'; അയിഷ പോറ്റി
|സിപിഎം അംഗത്വത്തിലുണ്ടോ എന്ന് അറിയില്ലെന്നും അയിഷ പോറ്റി മീഡിയവണിനോട്
കൊല്ലം: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ രാഷ്ട്രീയമില്ലെന്ന് സിപിഎം മുന്‍ എംഎല്‍എ അയിഷ പോറ്റി.മുൻ എംഎൽഎ എന്ന നിലയിലാണ് എന്നെ പരിപാടിയിലേക്ക് വിളിച്ചത്. പങ്കെടുക്കുന്നതിൽ രാഷ്ട്രീയമില്ല. എല്ലാ നേതാക്കളും ആ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അയിഷ മീഡിയവണിനോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി അനുസ്മരത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളെ വിളിച്ചാല്‍ എന്താണ് പ്രശ്നമെന്നും അയിഷ ചോദിച്ചു. 'അന്നും ഇന്നും ഒരു രാഷ്ട്രീയക്കാരോടും ദേഷ്യമില്ല. നിലവില്‍ അഭിഭാഷകയായി സജീവമായിരിക്കുകയാണ്. നേരത്തെ പരിപാടികളിലൊക്കെ പങ്കെടുക്കുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടായിരുന്നു.അതെല്ലാം മാറിക്കഴിഞ്ഞു. സിപിഎം അംഗത്വത്തിലുണ്ടോ എന്ന് അറിയില്ല. നേരത്തെ ഓടിയെത്താൻ പറ്റുന്ന സാഹചര്യമില്ലായിരുന്നു. ഇപ്പോഴും പൊതുപ്രവർത്തകയാണ്.അഭിഭാഷകയായി ഇരിക്കുന്നതിനൊപ്പം ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും.പൊതു ജനങ്ങളുടെ കൂടെ ഉണ്ടാകും. ഇപ്പോഴും നല്ല പരിപാടികളിലേക്ക് വിളിച്ചാല്‍ പോകും'. അയിഷ പറഞ്ഞു. അതേസമയം,കോണ്‍ഗ്രസിില്‍ നിന്ന് ആരും ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും അയിഷ പോറ്റി പറഞ്ഞു.