
ഉദ്ഘാടനം കഴിഞ്ഞ് 10 വർഷം; പ്രവർത്തനമാരംഭിക്കാതെ പെരുമണ്ണ ഗവ.ആയുർവേദ ആശുപത്രി
|2015ലാണ് 38 ലക്ഷം രൂപയിലധികം മുടക്കി കെട്ടിടം പണിതത്
കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് 10 വർഷത്തിന് ശേഷവും പ്രവർത്തനമാരംഭിക്കാന്‍ കഴിയാതെ പെരുമണ്ണ ഗവ.ആയുർവേദ ആശുപത്രി. ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമി തരംമാറ്റാതെ കെട്ടിടം നിർമിച്ചതാണ് പ്രശ്നമായത്. ലക്ഷക്കണക്കിന് രൂപ മുടക്കി നിർമിച്ച കെട്ടിടമാണ് കാടുമൂടിക്കിടന്ന് നശിക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് 2015ലാണ് 38 ലക്ഷം രൂപയിലധികം മുടക്കി കെട്ടിടം പണിതത്. രണ്ട് ലക്ഷം രൂപയോളം ചിലവിട്ട് ഫർണിച്ചറും മറ്റ് ഉപകരണങ്ങളും വാങ്ങി. പിന്നാലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ട് തവണയും സിപിഎം ഭരണത്തിലെത്തി. ഉദ്ഘാടനത്തിന് തയ്യാറായ കെട്ടിടത്തിന് കെട്ടിട നമ്പറുള്‍പ്പെടെ കിട്ടായതയോടെ അന്വേഷണം നടത്തിയപ്പോഴാണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി തരം മാറ്റാതെയാണ് കെട്ടിടം നിർമിച്ചതാണെന്ന് കണ്ടെത്തുന്നത്.
വികസനത്തിൽ രാഷ്ട്രീയം തിരുകി കെട്ടിടത്തിന് അംഗീകാരം കൊടുക്കുന്നത് തടഞ്ഞുവയ്ക്കുകയാണെന്നാണ് യുഡിഎഫിന്‍റെ വാദം. പെരുമണ്ണ സ്വദേശിയായ കെ.ടി മൂസയാണ് ആശുപത്രിക്കായി അംബിലോടുള്ള നാല് സെന്‍റ് സ്ഥലം സൗജന്യമായി വിട്ടുകൊടുത്തത്. ഇവിടേക്ക് 12 ഫുട് വീതിയിൽ റോഡിനു ആവശ്യമായ സ്ഥലവും ഇദ്ദേഹം വിട്ടുകൊടുത്തിരുന്നു.
ലക്ഷങ്ങൾ മുടക്കി കെട്ടിടം പണിഞ്ഞിട്ടും വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഡാറ്റാബാങ്ക് കുരുക്കിൽ നിൽക്കുന്ന സ്ഥലത്ത് കെട്ടിടം പണിയാനായി ചിലവഴിച്ച തുക സർക്കാരിന് നഷ്ടമാണ്. ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തി കെട്ടിയ ഈ കെട്ടിടം ഇപ്പോള്‍ ഉപയോഗിക്കാനാവാതെ നശിക്കുകയാണ്.