< Back
Kerala

Kerala
റാഗിങ്: വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം
|8 Jun 2024 12:25 AM IST
മതിയായ ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു
കൽപ്പറ്റ: വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വീണ്ടും ക്രൂരമർദനം. സുൽത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും അമ്പലവയൽ സ്വദേശിയുമായ ശബരിനാഥനാണ് പരിക്കേറ്റത്. മർദനത്തിനിടെ കത്രിക കൊണ്ട് കുത്തി. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരിക്കുണ്ട്.
പരിചയപ്പെടാനെന്ന് പറഞ്ഞ് ക്ലാസിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് മർദിച്ചത്. വിദ്യാർഥിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. മറ്റൊരു സ്കൂളിലായിരുന്നു വിദ്യാർഥി ഈ അധ്യായന വർഷം മുതലാണ് മൂലങ്കാവ് സർക്കാർ സ്കൂളിലേക്ക് മാറിയത്.