< Back
Kerala
പേവിഷ ബാധയേറ്റ് 13കാരിയുടെ മരണം; നായയുടെ ഉടമക്കെതിരെ കേസെടുത്തു
Kerala

പേവിഷ ബാധയേറ്റ് 13കാരിയുടെ മരണം; നായയുടെ ഉടമക്കെതിരെ കേസെടുത്തു

Web Desk
|
8 May 2025 1:58 PM IST

വീട്ടിൽ വളർത്തിയ നായയ്ക്ക് ലൈസൻസോ വാക്‌സിനേഷനോ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് നായ മകളെ കടിച്ചതെന്നും മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തിൽ നായയെ വളർത്തിയ വീട്ടുകാർക്ക് എതിരെ പൊലീസ് കേസ് എടുത്തു. നാരങ്ങാനം തറഭാഗം മേപ്പുറത്ത് വിദ്യാഭവനിൽ തുളസീഭായിക്ക് എതിരെ കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് ആറന്മുള പൊലീസ് കേസ് എടുത്തത്.

വീട്ടിൽ വളർത്തിയ നായയ്ക്ക് ലൈസൻസോ വാക്‌സിനേഷനോ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് നായ മകളെ കടിച്ചതെന്നും മാതാവ് നൽകിയ പരാതിയിൽ പറയുന്നു. 2024 ഡിസംബർ 13ന് രാവിലെ സ്‌കൂൾ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് ഭാഗ്യക്ഷ്മിയെ നായ കടിച്ചത്.

പേവിഷ ബാധയ്ക്കുള്ള വാക്‌സിൻ എടുത്തിരുന്നെങ്കിലും നാലു മാസത്തിന് ശേഷം പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

കുട്ടിയെ കടിച്ച് മൂന്നാം ദിവസം നായ ചത്തതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിൽ നായക്ക് പേവിഷ ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് മുൻകരുതൽ എടുത്തില്ലെന്നും പരാതിയിൽ പറയുന്നു.

Similar Posts