
Photo | Special Arrangement
കാസർകോട് ഉപ്പളയിൽ വീടിന് നേരെ വെടിവെച്ചത് 14കാരനായ മകൻ; ഓൺലൈൻ ഗെയിമിൻ്റെ സ്വാധീനമെന്ന് പൊലീസ്
|ശനിയാഴ്ച വൈകുന്നേരമായിരുന്നു ഉപ്പള ഹിദായത്ത് നഗറിലെ പ്രവാസിയായ അബൂബക്കറിൻ്റെ വീടിന് നേരെ വെടിവെപ്പുണ്ടായത്
കാസർകോട്: ഉപ്പളയിൽ വീടിന് നേരെ വെടിവെച്ചത് 14കാരനായ മകൻ. ഓൺലൈൻ ഗെയിമിൻ്റെ സ്വാധീനത്തിൽ കുട്ടി വീട്ടിൽ എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നെന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഉപ്പള ഹിദായത്ത് നഗറിലെ പ്രവാസിയായ അബൂബക്കറിൻ്റെ വീടിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവ സമയത്ത് അബുവിൻ്റെ ഭാര്യയും മറ്റു മക്കളും വീട്ടിൽ ഉണ്ടായിരുന്നില്ല. കാറിൽ എത്തിയ നാലംഗ സംഘം വെടിയുതിർത്തെന്നായിരുന്നു കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. ഈ സമയത്ത് വീട്ടിലെ സിസിടിവി ഓഫ് ചെയ്ത നിലയിലായിരുന്നു.
വെടിവെപ്പിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവം അതീവ ഗൗരവത്തോടെ അന്വേഷിച്ച പൊലീസ്, സമീപത്തെ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പരിശോധിച്ചു. തെളിവുകളൊന്നും കണ്ടെത്താനാവാത്തതിനെ തുടർന്ന് കുട്ടിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ കുട്ടി സ്വയം വെടിയുതീർത്തതാണെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
കുട്ടി ഓൺലൈൻ ഗെയിമിൽ പറഞ്ഞ കാര്യങ്ങൾ അനുസരിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. കുട്ടിയിൽനിന്ന് തോക്കും തിരകളും പൊലീസ് കണ്ടെടുത്തു. കുട്ടിക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും ഇത്തരം കാര്യങ്ങൾ ചെയ്യാൻ എന്താണ് പ്രചോദനമായതെന്നുമുള്ള കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.