
അര്‍ജുൻ Photo| MediaOne
പാലക്കാട്ട് 14 കാരൻ ആത്മഹത്യ ചെയ്ത സംഭവം; ക്ലാസ് അധ്യാപിക അര്‍ജുനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം
|ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി
പാലക്കാട്: പാലക്കാട് പല്ലൻചാത്തന്നൂരിൽ 14കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി കുടുംബം. കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി അർജുനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ക്ലാസ് അധ്യാപികക്കെതിരെ കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്.
അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. കുഴൽമന്ദം പൊലീസിലാണ് കുടുംബം പരാതി നൽകിയത്. എന്നാൽ സ്കൂൾ അധികൃതര്‍ ആരോപണം നിഷേധിച്ചു. വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. കുട്ടിക്ക് വീട്ടിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് ആരോപിച്ച പ്രധാനധ്യാപിക ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി ഉണ്ടാകുമെന്നും പറഞ്ഞു.
അതിനിടെ അധ്യാപിക്കെതിരെ ഗുരുതര ആരോപണവുമായി അർജുൻ്റെ സഹപാഠി രംഗത്തെത്തി. ക്ലാസ് അധ്യാപിക ആഷ ക്ലാസ് മുറിയിൽ വെച്ച് സൈബർ സെല്ലിനെ വിളിച്ചിരുന്നു . ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നൽകേണ്ടി വരുമെന്നും അർജുനെ ഭീഷണിപ്പെടുത്തി. അതിന് ശേഷം അർജുൻ അസ്വസ്ഥനായിരുന്നു.മരിക്കുമെന്ന് തന്നോട് അർജുൻ പറഞ്ഞിരുന്നു. സ്കൂൾ വിട്ട് പോകുമ്പോൾ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവൻ തല്ലിയത് കൊണ്ടാണ് അർജുൻ മരിച്ചതെന്നും മറ്റൊരു സുഹൃത്തിനോട് ആഷ ടീച്ചർ പറഞ്ഞുവെന്നും സഹപാഠി പറഞ്ഞു.