< Back
Kerala
നാടിനെ നടുക്കിയ ദുരന്തത്തിന് ശേഷം കേരളം വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലേക്ക്നാടിനെ നടുക്കിയ ദുരന്തത്തിന് ശേഷം കേരളം വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലേക്ക്
Kerala

നാടിനെ നടുക്കിയ ദുരന്തത്തിന് ശേഷം കേരളം വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലേക്ക്

admin
|
26 May 2016 3:46 PM IST

വെടിക്കെട്ട് ദുരന്തത്തിന്റെ വാര്‍ത്തകള്‍ എത്തി തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമെല്ലാം പരവൂരിലേക്കും ആശുപത്രികളിലേക്കും കുതിച്ചെത്തി.

രണ്ട് ദിവസത്തിന് ശേഷം കേരളം വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണ ചൂടിലേക്ക്. നാടിനെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നിറുത്തി വെച്ചിരുന്നു. കയ്യും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതോടെ പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു പരവൂരിലേക്ക്.

ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ വാര്‍ത്തകള്‍ എത്തി തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമെല്ലാം പരവൂരിലേക്കും ആശുപത്രികളിലേക്കും കുതിച്ചെത്തി. നേതാക്കളുടെ നിര്‍ദേശങ്ങള്‍ കിട്ടുന്നതിന് മുന്പ് തന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെയും പ്രവര്‍ത്തകര്‍ പരവൂരിലും മെഡിക്കല്‍ കോളജിലുമെല്ലാം എത്തി കഴിയുന്ന സഹായങ്ങളൊക്കെ ചെയ്തു. പ്രചരണപ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കണമെന്ന് വി എസും സുധീരനും ആവശ്യപ്പെട്ടതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം റദ്ദാക്കി.

പരവൂരില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വരെയുള്ള റോഡുകളില്‍ നിന്ന് ഗതാഗത തടസ്സം ഒഴിവാക്കാന്‍ ആളുകള്‍ ശ്രദ്ധിച്ചു. മെഡിക്കല്‍ കോളജിലെത്തിയ പരിക്കേറ്റവരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കൂടുതല്‍ രക്തം വേണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആവശ്യപ്പെട്ടതും നൂറുകണക്കിന് ആളുകളാണ് രക്തദാനത്തിനായി എത്തിയത്. ഞായറാഴ്ച മുഴുവന്‍ സമയവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായിരുന്നു എല്ലാവരും മുന്നിട്ടിറങ്ങിയത്.

തിങ്കളാഴ്ച സ്ഥിതിഗതികള്‍ ഒന്ന് ശാന്തമായെങ്കിലും ഒറ്റപ്പെട്ട മണ്ഡലങ്ങളില്‍ മാത്രമാണ് പ്രചരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. അതും മന്ദഗതിയില്‍. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ തീര്‍ത്തും നിശ്ചലമായിരുന്നു. പരവൂരിന് സമീപമുള്ള മണ്ഡലങ്ങളില്‍ ചിലയിടങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കുന്നത്. ചൂട് പിടിച്ച പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ പതുക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ഇന്ന് മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നീങ്ങും..

Similar Posts