< Back
Kerala
നീറ്റില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളിനീറ്റില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി
Kerala

നീറ്റില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി

admin
|
24 March 2017 11:54 PM IST

നീറ്റില്‍ ഇളവ് വേണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും ആവശ്യം സുപ്രിം കോടതി തള്ളി.

നീറ്റില്‍ ഇളവ് വേണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും ആവശ്യം സുപ്രിം കോടതി തള്ളി. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രവേശ പരീക്ഷ നടത്താനാകില്ല. സംസ്ഥാനങ്ങളുടെയും സ്വകാര്യ കോളജുകളുടെയും അവകാശങ്ങളെ ബാധിക്കും എന്നത് കൊണ്ട് നീറ്റ് മോശമാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. നീറ്റ് ആദ്യഘട്ട പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാമെന്നും സുപ്രിം കോടതി ഉത്തരവില്‍ പറയുന്നു.

രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളുടെ പ്രവേശത്തിന് നീറ്റ് പരീക്ഷ നടപ്പാക്കാനുള്ള ഉത്തരവില്‍ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും സ്വകാര്യ മാനേജ്മെന്റുകളുമാണ് സുപ്രിം കോടതിയെ സമീപിച്ചത്. സംസ്ഥാനങ്ങളുടെ ആവശ്യത്തെ പരോക്ഷമായി പിന്തുണക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാരും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയും കോടതിയില്‍ സ്വീകരിച്ചിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ് നീറ്റ് ഈ വര്‍ഷം തന്നെ നടപ്പിലാക്കണമെന്ന നിലപാട് സുപ്രിം കോടതി ആവര്‍ത്തിച്ചത്. നീറ്റ് നിലവില്‍ വന്നതോടെ പ്രത്യേക പ്രവേശന പരീക്ഷ നടത്താനുള്ള സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ അപ്രസക്തമായി. സംസ്ഥാനങ്ങളുടെയും സ്വകാര്യ മാനേജ്മെന്റുകളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് കൊണ്ട് മാത്രം നീറ്റ് മോശമാകുന്നില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെയും, സംവരണ മാനദണ്ഡങ്ങളെയും നീറ്റ് പ്രതികൂലമായി ബാധിക്കില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളും സ്വകാര്യ മാനേജ്മെന്റ് സ്ഥാപനങ്ങളും നടത്തിയ പ്രവേശ പരീക്ഷകള്‍ അസാധുവാകും.

അതേസമയം നീറ്റ് ഒന്നാം ഘട്ട പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ടത്തിലും പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നതോടെ ആദ്യ ഘട്ട പരീക്ഷ അസാധുവാകുമെന്നും കോടതി വ്യക്തമാക്കി. ജൂലൈ 24ന് നടക്കേണ്ട രണ്ടാം ഘട്ട പരീക്ഷയുടെ തിയ്യതി മാറ്റുന്ന കാര്യത്തില്‍ എംസിഐക്കും സിബിഎസ്ഇക്കും കൂടിയാലോചിച്ച് തീരുമാനമെടുക്കാം.

Related Tags :
Similar Posts