< Back
Kerala
Kerala

എറണാകുളത്ത് പെട്രോള്‍ പമ്പുകളില്‍ മിന്നല്‍ പരിശോധന; വന്‍ കൃത്രിമം കണ്ടെത്തി

Alwyn K Jose
|
13 April 2017 7:52 AM IST

അളവില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ് യൂണിറ്റുകള്‍ പരിശോധനക്ക് ശേഷം പൂട്ടി.

എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധന. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. അളവില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ് യൂണിറ്റുകള്‍ പരിശോധനക്ക് ശേഷം പൂട്ടി.

അര്‍ധരാത്രിക്ക് ശേഷം പെട്രോള്‍ പമ്പിലെ മീറ്ററുകളില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാം മോഹന്റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകളാണ് പമ്പുകളില്‍ റെയ്ഡ് നടത്തിയത്. കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ, ആലുവ, മരട്, കാലടി എന്നിവിടങ്ങളിലെ പമ്പുകളിലും സംഘം മിന്നല്‍ പരിശോധന നടത്തി. ഇവയില്‍ മരടിലെയും കാലടിയിലെയും പമ്പുകളില്‍ അളവില്‍ വ്യത്യാസം കണ്ടെത്തുകയും ചെയ്തു. അഞ്ച് ലിറ്ററില്‍ പരമാവധി 25 മില്ലിലിറ്ററിന്റെ കുറവ് അനുവദനീയമാണെങ്കിലും 40 മുതല്‍ 100 മില്ലിലിറ്ററിന്റെ വ്യത്യാസമാണ് പമ്പുകളില്‍ കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പമ്പുകളിലെ ആറ് യൂണിറ്റുകള്‍ പൂട്ടി. പരാതികള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് പരിശോധന കൂടുതല്‍ വ്യാപകമാക്കാനാണ് ലീഗല്‍ മെട്രോളജി വകുപ്പിന്റെ തീരുമാനം.

Related Tags :
Similar Posts