< Back
Kerala
നെടുമ്പാശ്ശേരിയില്‍ നാവികസേനയുടെ എയര്‍ എന്‍ക്ലേവ് തുറന്നുനെടുമ്പാശ്ശേരിയില്‍ നാവികസേനയുടെ എയര്‍ എന്‍ക്ലേവ് തുറന്നു
Kerala

നെടുമ്പാശ്ശേരിയില്‍ നാവികസേനയുടെ എയര്‍ എന്‍ക്ലേവ് തുറന്നു

Subin
|
8 Jun 2017 2:58 AM IST

നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയാണ് എയര്‍ എന്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാവികസേനയുടെ എയര്‍ എന്‍ക്ലേവ് തുറന്നു. നാവികസേനയുടെ നിരീക്ഷണ വിമാനങ്ങളടക്കമുള്ളവ ഇനി ഇവിടെ നിന്നും പ്രവര്‍ത്തിപ്പാക്കാന്‍ സാധിക്കും. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയാണ് എയര്‍ എന്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ വ്യോമതാവളമായ ഐഎന്‍എസ് ഗരുഡയില്‍ റണ്‍വേയുടെ പരിമിതിമൂലം വലിയ വിമാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ സംവിധാനം ഒരുക്കിയത്. നാവികസേനയുടെ ബോയിങ് പി 8 ഐ വിമാനം ഇനി മുതല്‍ ഇവിടെനിന്ന് പ്രവര്‍ത്തിപ്പിക്കും. ഒപ്പം മറ്റ് നിരീക്ഷണ വിമാനങ്ങളും പുതിയ എയര്‍ എന്‍ക്ലേവില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാം. പടിഞ്ഞാറന്‍ തീരത്തിനൊപ്പം തന്ത്രപ്രധാനമായ ലക്ഷദ്വീപിലിലേയും മിനിക്കോയി ദ്വീപിലേയും നിരീക്ഷണം ശക്തമാക്കാനും പുതിയ സംവിധാനം സഹായകമാകും. അടിയന്തരഘട്ടങ്ങളില്‍ അയല്‍ രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാനും ഇതിലൂടെ സാധിക്കും.

ഐഎന്‍എസ് ഗരുഡ സ്ഥിതിചെയ്യുന്നത് ജനവാസകേന്ദ്രത്തിന് സമീപത്തായതിനാല്‍ പക്ഷികളുടെ സാനിധ്യം വലിയ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമായിരുന്നു. ഒപ്പം സ്ഥലപരിമിധിയും കൂടി കണക്കിലെടുത്താണ് നെടുമ്പാശ്ശേരിയില്‍ പുതിയ എയര്‍എന്‍ക്ലേവ് തുറന്നത്. വിമാനങ്ങള്‍ ഇടാന്‍ ആവശ്യമായ ഹാംഗര്‍ ഉള്‍പ്പെടയുള്ള സംവിധാനങ്ങള്‍ എയര്‍ എന്‍ക്ലേവിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Related Tags :
Similar Posts