കേരളപ്പിറവി: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ഇന്ന് തുടക്കം
|ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലാവര്‍ക്കും ശൌചാലയം പദ്ധതി ഇന്ന് പ്രഖ്യാപിക്കും
കേരളപിറവിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരും നിയമസഭയും രൂപം നല്‍കിയിരിക്കുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലാവര്‍ക്കും ശൌചാലയം പദ്ധതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളപ്പിറവി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത്.
വജ്രകേരളം എന്ന പേരിലാണ് ആഘോഷപരിപാടികള്‍. കേരളത്തിന് മാറ്റത്തിന്റെ വജ്രത്തിളക്കം എന്നതാണ് മുദ്രാവാക്യം. കേരളപ്പിറവി ദിനമായ ഇന്ന് കേരളത്തെ വെളിംപ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. മാലിന്യം സംസ്കരിക്കല്‍, കൃഷി വികസിപ്പിക്കല്‍, ജലവിഭവം സംരക്ഷിക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ടുളള ഹരിതകേരളം, മികച്ച ചികിത്സാ സൌകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ ജനസൌഹൃദ ആശുപത്രികള്‍ ലക്ഷ്യമിട്ട് ആര്‍ദ്രം, ഉയര്‍ന്ന ജീവിത സൌകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന ലൈഫ് എന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ നാല് വികസന പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവയുടെ പ്രഖ്യാപനങ്ങളും ഉണ്ടാകും.