< Back
Kerala
സിപിഎം വിട്ടവര്‍ സിപിഐയില്‍; ന്യായീകരണവുമായി ജില്ലാ നേതൃത്വംസിപിഎം വിട്ടവര്‍ സിപിഐയില്‍; ന്യായീകരണവുമായി ജില്ലാ നേതൃത്വം
Kerala

സിപിഎം വിട്ടവര്‍ സിപിഐയില്‍; ന്യായീകരണവുമായി ജില്ലാ നേതൃത്വം

Alwyn K Jose
|
1 July 2017 4:47 PM IST

സിപിഎം വിട്ടുവരുന്നവരെ ഇനിയും സ്വീകരിക്കും. വിഷയത്തില്‍‌ സിപിഐക്കെതിരെ പരസ്യ പ്രസ്താവന ഇറക്കിയ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടപടി ശരിയല്ല.

കൊച്ചി ഉദയംപേരൂരില്‍ സിപിഎം വിട്ടവരെ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് സിപിഐ ജില്ലാ നേതൃത്വം. സിപിഎം വിട്ടുവരുന്നവരെ ഇനിയും സ്വീകരിക്കും. വിഷയത്തില്‍‌ സിപിഐക്കെതിരെ പരസ്യ പ്രസ്താവന ഇറക്കിയ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നടപടി ശരിയല്ല. ഉഭയകക്ഷി ചര്‍ച്ചയാണ് വേണ്ടിയിരുന്നതെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു വ്യക്തമാക്കി.

പാര്‍ട്ടി വിമതര്‍ക്ക് സിപിഐ അംഗത്വം നല്‍കിയ നടപടിയെ വിമര്‍ശിച്ച് കൊണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് പരസ്യ പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്ത് എത്തിയത്. രക്തസാക്ഷിയുടെ വിധവയോട് തെറ്റായ സമീപനം സ്വീകരിക്കുകയും തെരഞ്ഞെടുപ്പില്‍‌ വര്‍ഗ ശത്രുക്കളെ സഹായിക്കുകയും ചെയ്തവരെ മാലയിട്ട് സ്വീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നടപടി ഇടത് ഐക്യം ദുര്‍ബലപ്പെടുത്താനാണെന്നായിരുന്നു സിപിഎമ്മിന്റെ വിമര്‍ശം. സിപിഐ അംഗത്വം നല്‍കുന്നതുവരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് സിപിഐ ജില്ലാ നേതൃത്വം പറയുന്നു. സിപിഎം വിട്ടവര്‍ കൊള്ളരുതാത്തവര്‍ എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത്തരം ശ്രമങ്ങള്‍ നടത്തി തങ്ങളെ താറടിക്കാന്‍ സിപിഎമ്മിനാവില്ല. ഇതൊന്നും കാണിച്ചാല്‍ പേടിക്കുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഉദയം പേരൂരില്‍ നടന്ന സമ്മേളനത്തില്‍ 500 ല്‍ പരം പേരാണ് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. കാനം രാജേന്ദ്രന്‍ അടക്കം പങ്കെടുത്ത് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചത് ഇടതു മുന്നണി ചര്‍ച്ച ചെയ്യണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം കൂടിയായതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.

Related Tags :
Similar Posts