< Back
Kerala
ഐഎന്‍ടിയുസി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുംഐഎന്‍ടിയുസി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും
Kerala

ഐഎന്‍ടിയുസി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

admin
|
31 July 2017 5:08 AM IST

കോണ്‍ഗ്രസിനെതിരെയല്ല മത്സരിക്കുന്നതെന്നും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ‍ ഐഎന്‍ടിയുസി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ജില്ലാ പ്രസിഡന്റുമാര്‍ക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള ചുമതല. കോണ്‍ഗ്രസിനെതിരെയല്ല മത്സരിക്കുന്നതെന്നും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മീഡിയാവണ്ണിനോട് പറഞ്ഞു.

18 സീറ്റുകളാണ് ഐഎന്‍ടിയുസി കോണ്‍ഗ്രസ് നേതൃത്വത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലും സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ സീറ്റുവിട്ട് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്ത സാഹചര്യത്തിലാണ് ഐഎന്‍ടിയുസി ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്.

18 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നതെങ്കിലും സ്വാധീനമുള്ള എല്ലാ മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് തയ്യാറാകാത്ത സാഹചര്യത്തില്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ആര്‍ ചന്ദ്രശേഖരന്‍ മീഡിയാവണ്ണിനോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയിലും ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐഎന്‍ടിയുസി കൊല്ലം ജില്ലാ കൌണ്‍സിലില്‍ സീറ്റ് വിട്ട് നല്‍കാത്തതിന്റെ പേരില്‍ ചെന്നിത്തലയ്ക്കും വി എം സുധീരനുമെതിരെ ആര്‍ ചന്ദ്രശേഖരന്‍ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു.

Similar Posts