ജനസാഗരത്തെ സാക്ഷിയാക്കി സഗൗരവം സത്യപ്രതിജ്ഞജനസാഗരത്തെ സാക്ഷിയാക്കി സഗൗരവം സത്യപ്രതിജ്ഞ
|പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറിയതിന് സാക്ഷിയായത് ജനസാഗരം.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറിയതിന് സാക്ഷിയായത് ജനസാഗരം. ഓരോ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി എതിരേറ്റു.
നാല് മണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങെങ്കിലും രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഒഴുകിത്തുടങ്ങി. രണ്ട് മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയം ഇടതുപ്രര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. ഓരോ നേതാക്കളും വേദിയിലേക്ക് കടന്നുവരുന്ന ദൃശ്യങ്ങള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രവര്‍ത്തകര്‍ ആരവം മുഴക്കി. 3.30യോടെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലെത്തുമ്പോള്‍ ആവേശം ഉച്ചസ്ഥായിയില്‍.
വിഎസ് അച്യുതാനന്ദന്‍, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളെയെല്ലാം മുദ്രാവാക്യത്തോടെ എതിരേറ്റു. സത്യപ്രതിജ്ഞക്കായി മന്ത്രിമാരെ ക്ഷണിക്കുമ്പോഴും മുദ്രാവാക്യം അലയടിച്ചു. ചെങ്കൊടികള്‍ വീശിയും ബാന്‍ഡ് വാദ്യം മുഴക്കിയും പ്രവര്‍ത്തകര്‍ ആഘോഷമാക്കുകയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങ് തീര്‍ന്നതോടെ നേതാക്കള്‍ക്ക് കൈകൊടുക്കാനും മൊബൈലില്‍ ചിത്രം പകര്‍ത്താനും ബാരിക്കേഡുകള്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ വേദിക്കരികിലെത്തി. 3000 പേര്‍ക്കാണ് ചടങ്ങ് വീക്ഷിക്കാനുള്ള സൌകര്യം ഒരുക്കിയിരുന്നത്. മഴ മാറിനിന്ന സായാഹ്നത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആവേശപ്പെരുമഴക്കാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്.