< Back
Kerala
Kerala

അട്ടിക്കൂലി വാങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം തൊഴിലാളികള്‍ തള്ളി

Sithara
|
16 Nov 2017 9:14 AM IST

കയറ്റുകൂലി സംബന്ധിച്ച് ഉറപ്പുലഭിക്കാതെ റേഷന്‍ സാധനങ്ങള്‍ ലോറിയില്‍ കയറ്റില്ലെന്നാണ് നിലപാട്.

ഒരു മാസത്തേക്ക് അട്ടിക്കൂലി വാങ്ങരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ആലപ്പുഴ എഫ്സിഐ ഗോഡൗണിലെ തൊഴിലാളികള്‍ തള്ളി. കയറ്റുകൂലി സംബന്ധിച്ച് ഉറപ്പുലഭിക്കാതെ റേഷന്‍ സാധനങ്ങള്‍ ലോറിയില്‍ കയറ്റില്ലെന്നാണ് നിലപാട്. ഇതോടെ ജില്ലയിലെ റേഷന്‍ വിതരണം പ്രതിസന്ധിയിലായി. കാലങ്ങളായി കിട്ടിയിരുന്ന അട്ടിക്കൂലി ഉപേക്ഷിക്കാനാവില്ലെന്നാണ് എഫ്സിഐ വര്‍ക്കേഴ്സ് യൂണിയന്‍റെ പ്രഖ്യാപനം.

ഇടനിലക്കാരെ ഒഴിവാക്കി എഫ്സിഐയില്‍ നിന്ന് റേഷന്‍ കടകളില്‍ സര്‍ക്കാര്‍ നേരിട്ട് സാധനങ്ങള്‍ എത്തിക്കണമെന്നാണ് ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥ. മുമ്പ് ഗോഡൗണില്‍നിന്ന് മൊത്ത വ്യാപാരികള്‍ റേഷന്‍ ഉല്‍പ്പന്നങ്ങള്‍ എടുക്കുമ്പോള്‍ തൊഴിലാളികള്‍ ലോറിയില്‍ അട്ടിയടുക്കി വച്ചു കൊടുത്തിരുന്നു. 220 ചാക്ക് ധാന്യങ്ങള്‍ അട്ടിയടുക്കുന്നതിന് 825 രൂപയായിരുന്നു കൂലി. എന്നാലിപ്പോള്‍ മൊത്തവ്യാപാരികളെ മാറ്റിനിര്‍ത്തി സപ്ലൈ ഓഫീസറുടെ പേരിലാണ് റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. ഇതോടെ അട്ടിക്കൂലി നിര്‍ത്തലാക്കി. തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ചര്‍ച്ച വിളിച്ചു.

ഒരു മാസം അട്ടിക്കൂലി വാങ്ങരുതെന്നും അതിനുശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കഴിഞ്ഞ ദിവസം ധാരണയായി. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് എഫ്‍സിഐ വര്‍ക്കേഴ്സ് യൂണിയന്‍ പറയുന്നു. ആലപ്പുഴയില്‍ 50 തൊഴിലാളികളാണ് എഫ്സിഐ ഗോഡൗണിലുള്ളത്. മുഴുവന്‍ പേരും എഫ്സിഐ വര്‍ക്കേഴ്സ് യൂണിയന്‍ അംഗങ്ങളാണ്. ചരക്കു കയറ്റാന്‍ ഇവര്‍ വിസമ്മതിച്ചതോടെ റേഷന്‍ കടകളിലേയ്ക്കുള്ള ധാന്യവിതരണം മുടങ്ങി. തൊഴിലാളികളുടെ നിലപാട് ഡയറക്ടറേറ്റിനെയും വകുപ്പു മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വ്യക്തമാക്കി.

Related Tags :
Similar Posts