< Back
Kerala
Kerala

നിയമസഭ തെരഞ്ഞെടുപ്പ്: കോഴിക്കോട് സൗത്തില്‍ കഴിഞ്ഞതവണത്തെ സ്ഥാനാര്‍ഥികള്‍ മത്സരിക്കും

admin
|
25 Feb 2018 12:21 PM IST

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 1376 വോട്ടിനായിരുന്നു ജയം എന്നതിനാല്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിനോട് മുനീറിന് താല്‍പര്യക്കുറവുണ്ട്.

കഴിഞ്ഞ തവണത്തെ വിജയിയും പരാജിതനും വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുകയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍. യുഡിഎഫിന് വേണ്ടി മന്ത്രി എംകെ മുനീര്‍ വീണ്ടും അങ്കത്തിനിറങ്ങുമ്പോള്‍ സിപി മുസഫര്‍ അഹമ്മദ് തന്നെ എതിരാളിയായെത്തും. മണ്ഡലം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഇരുമുന്നണികളും.

ഇടതനുകൂല ജില്ലയായ കോഴിക്കോട്ട് പൂര്‍ണമായും ഇടത്തോട്ട് ചായാത്ത മണ്ഡലമാണ് സൗത്ത് മണ്ഡലം. കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ നിയമസഭയിലെത്തിയ എം കെ മുനീറിനെത്തന്നെയായിരിക്കും യു ഡി എഫ് ഇത്തവണയും രംഗത്തിറക്കുക.

കഴിഞ്ഞ മുപ്പത് വര്‍ഷമായി കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ജയിക്കുന്ന മുന്നണിയാണ് സംസ്ഥാനം ഭരിക്കാറുള്ളത്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 1376 വോട്ടിനായിരുന്നു ജയം എന്നതിനാല്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിനോട് മുനീറിന് താല്‍പര്യക്കുറവുണ്ട്.

സിപിഎമ്മിലെ മുസഫര്‍ അഹമ്മദിന്റെ പേരാണ് ഇടതുപക്ഷത്ത് ഉയര്‍ന്നുകേള്‍ക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയും ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. പിഎ മുഹമ്മദ് റിയാസും പരിഗണനയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ എല്‍ഡിഎഫിന് രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ ബലത്തില്‍ ബിജെപിയും മത്സരരംഗത്തുണ്ട്.

Similar Posts