പൊലീസ് തലപ്പത്ത് അഴിച്ചുപണി: ഡിജിപി സെന്‍കുമാറിനെ മാറ്റി, ലോക്നാഥ് ബഹ്റ പുതിയ ഡിജിപിപൊലീസ് തലപ്പത്ത് അഴിച്ചുപണി: ഡിജിപി സെന്‍കുമാറിനെ മാറ്റി, ലോക്നാഥ് ബഹ്റ പുതിയ ഡിജിപി
|ഡിജിപി സെന്‍കുമാറിനെ മാറ്റി, ലോക്നാഥ് ബഹ്റ പുതിയ ഡിജിപി, ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറാകും. ശങ്കര്‍ റെഡ്ഢിക്ക് ചുമതല നല്‍കിയില്ല, നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.
സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. ടി പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി സ്ഥാനത്തു നിന്ന് മാറ്റി. ലോക്നാഥ് ബെഹ്റയാണ് പുതിയ ഡി ജി പി. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു.
പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത അന്നു തന്നെ പൊലീസ് തലപ്പത്തെ അഴിച്ചുപണിയെപ്പറ്റി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ബാര്‍കോഴക്കേസില്‍ ഉള്‍പ്പെടെ വിവാദ നിലപാടുകളുടെ പേരില്‍ വിമര്‍ശവിധേയനയായ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡിയെ മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ഡി ജി പി തന്നെ മാറ്റാനാണ് ഇപ്പോള്‍ തീരുമാനമായത്.
ടി പി സെന്‍കുമാറിനെ മാറ്റി നിലവിലെ ജയില്‍ ഡി ജി പി ആയ ലോക്നാഥ് ബഹ്റയാണ് ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിച്ചത്. പൊലീസ് ഹൌസിങ് ആന്‍റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം ഡിയെന്ന താരതമ്യേന അപ്രധാന ചുമതലയാണ് സെന്‍കുമാറിന് പകരം നല്‍കിയിരിക്കുന്നത്.
ബാര്‍കോഴക്കേസിലെ നിലപാടുകളുടെ പേരില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയനായെന്ന് വിലയിരുത്തപ്പെട്ട ഡി ജി പി ജേക്കബ് തോമസാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡിക്ക് പുതിയ ചുമതല നല്‍കിയിട്ടില്ല.