< Back
Kerala
കൊച്ചിയില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചുകൊച്ചിയില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു
Kerala

കൊച്ചിയില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു

P A Nasimudheen
|
23 March 2018 1:54 PM IST

തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ അസി.കമാന്റന്റ് സാബു മാത്യുവാണ് മരിച്ചത്. കൈയിലുള്ള പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് സംശയം.

എറണാകുളം തൃപ്പൂണിത്തുറയില്‍ സ്വന്തം പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു. തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സാബു മാത്യു ആണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ഇന്ന് പുലര്‍ച്ചെ വാഴക്കാലയില്‍ പെട്രോളിങ്ങിനിടെയായിരുന്നു അപകടം. സ്വന്തം പിസ്റ്റളില്‍ നിന്ന് വെടിയുണ്ട നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. അപകടസമയത്ത് സാബുവിനോടൊപ്പം മറ്റ് രണ്ട് പൊലീസുകാര്‍ കൂടിയുണ്ടായിരുന്നു. പാര്‍ക്കിങ് ഏരിയയിലേക്ക് വാഹനം കയറ്റുന്ന സമയത്താണ് ഇവര്‍ പിന്‍സീറ്റില്‍ നിന്ന് വെടിയൊച്ച കേട്ടത്. സാബുവിനെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ രണ്ടരയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

തൃക്കാക്കര, കളമശ്ശേരി സി ഐമാരുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍. ഫോറന്‍സിക് വിദഗ്ധരും ആശുപത്രിയിലെത്തി വിദഗ്ധ പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി സാബുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സാബുവിന്റെ ചിങ്ങവനത്തുള്ള വീട്ടില്‍ നാളെയായിരിക്കും സംസ്‌കാരം.

Related Tags :
Similar Posts